മലക്കപ്പാറ തോട്ടം തൊഴിലാളി പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ നടപടി സ്വീകരിക്കും: തൃശൂർ കളക്ടർ

0

മലക്കപ്പാറ തേയിലതോട്ടം തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൃശൂർ ജില്ലാ കളക്ടർ അര്‍ജുന്‍ പാണ്ഡ്യൻ്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചെര്‍ന്നു. തോട്ടം തൊഴിലാളികളുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള പുതിയ അങ്കണവാടി കെട്ടിടം, ഹൈസ്‌കൂള്‍, കുടിവെള്ള ക്ഷാമം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നതിനും , വീടും സ്ഥലവും ഇല്ലാത്തവർക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ പ്രഥമിക ലിസ്റ്റ് തയ്യാറാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കാൻ കളക്ടർ നിർദേശിച്ചു. കൂടാതെ മലക്കപ്പാറയിൽ പുതുതായി ഒരു ബാങ്കും, അക്ഷയ കേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുവാനും കളക്ടർ ആവശ്യപ്പെട്ടു.

തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളുടെ പരിഹാരത്തിനായി സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്താല്‍ എല്ലാ മൂന്നു മാസത്തിലും തൊഴിലാളികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം സംഘടിപ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇരിങ്ങാലക്കുട ആര്‍.ഡി.ഒ യെ ചുമതലപ്പെടുത്തി. യോഗത്തില്‍ തോട്ടം തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.