കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാമത് സംസ്ഥാന സമ്മേളനം 2024 ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം കലൂര്‍ എ ജെ ഹാളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉ്ദ്ഘാടനം ചെയ്യും.17 ന് നിലവിലെ സംസ്ഥാന കമ്മിറ്റിയും സംയുക്ത കമ്മിറ്റിയും ചേരും.
ഒരു പതിറ്റാണ്ടിന് ശേഷം എറണാകുളം ആതിഥ്യമരുളുന്ന സംസ്ഥാന സമ്മേളനം പത്രപ്രവര്‍ത്തന തൊഴില്‍ മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ പ്രസക്തമാണെന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സെമിനാറുകള്‍, ട്രേഡ് യൂണിയന്‍ സമ്മേളനം, വിമണ്‍കോണ്‍ക്ലേവ് , ഫുട്‌ബോള്‍ -ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ എന്നിവ സംഘടിപ്പിക്കും.
സമ്മേളനത്തിൻ്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡൻ്റ് സീമാ മോഹന്‍ലാലിന് നല്‍കി സംസ്ഥാന പ്രസിഡൻ്റ് എം വി വിനീത നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മേയര്‍ അഡ്വ.എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം പി എന്നിവര്‍ മുഖ്യ രക്ഷാധികാരികളും വ്യവസായ മന്ത്രി പി രാജീവ് ചെയര്‍മാനുമായി 501 അംഗ സ്വാഗതസംഘത്തിൻ്റെ നേതൃത്വത്തിലാണ് സമ്മേളന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാനും കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡൻ്റുമായ ആര്‍ ഗോപകുമാര്‍, ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എം ഷജില്‍ കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.