കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍ പാതയായ എറണാകുളം – ഷൊര്‍ണൂര്‍ മേഖലയില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗിന് ഒപ്പം ‘കവച്’ എന്ന സുരക്ഷാ സംവിധാനവും റെയില്‍വേ ഒരുക്കുന്നു. ഇതോടെ കവച് സംവിധാനം കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന മേഖലയായി ഇത് മാറും.
106 കി മീ ദൂരമുള്ളതാണ് എറണാകുളം-ഷൊര്‍ണൂര്‍ മേഖല. 67.99 കോടി രൂപ മതിപ്പ് ചെലവില്‍ പദ്ധതി നടപ്പാക്കാന്‍ ദക്ഷിണ റെയില്‍വേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്നല്‍ ടെലി കമ്യൂണിക്കേഷന്‍ എഞ്ചിനീയര്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 24 ആണ് അവസാന തിയതി. 540 ദിവസമാണ് പദ്ധതി പൂര്‍ത്തീകരണത്തിനുള്ള കാലാവധിയായി കണക്കാക്കിയിരിയ്ക്കുന്നത്.
രണ്ട് തീവണ്ടികള്‍ ഒരേ പാതയില്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിയ്ക്കുന്നത് ഒഴിവാക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് കവച്. ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ ലഖ്നോവില്‍ പ്രവര്‍ത്തിയ്ക്കുന്ന ആര്‍ഡിഎസ്ഒ എന്ന ഗവേഷണ സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷ സംവിധാനമാണ് ഇത്. ലോകത്തില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങളില്‍ മുന്‍നിരയിലുള്ള ഒന്നായാണ് കവച് ഗണിയ്ക്കപ്പെടുന്നത്.
രാജ്യത്തെ 68000 കി.മീ റെയില്‍ ശൃംഖലയില്‍ 1465 കി.മീ ദൂരത്തിലാണ് നിലവില്‍ ഈ സംവിധാനമുള്ളത്. 3000 കി മീ റെയില്‍പാതയില്‍ സ്ഥാപിയ്ക്കുവാനുള്ള നിര്‍മാണം നടന്നു വരുന്നു. അതിന് പുറമെ 7228 കി.മീ പാതയില്‍ കൂടി സ്ഥാപിയ്ക്കുവാനുള്ള അനുമതി ഈ വര്‍ഷം നല്‍കിയിട്ടുണ്ട്. അതിലാണ് എറണാകുളം – ഷൊര്‍ണൂര്‍ മേഖലയും ഉള്‍പ്പെട്ടിട്ടുള്ളത്.