HomeKeralaപ്രതിമാസം മിച്ചമുള്ള 90 കോടി എവിടെ; കെഎസ്ആര്‍ടിസിയില്‍ ഓഡിറ്റ് നടത്തണമെന്ന് ജീവനക്കാര്‍

പ്രതിമാസം മിച്ചമുള്ള 90 കോടി എവിടെ; കെഎസ്ആര്‍ടിസിയില്‍ ഓഡിറ്റ് നടത്തണമെന്ന് ജീവനക്കാര്‍

കണക്ക് പുറത്തു വിട്ടാല്‍ ഒരു മാസത്തെ

ശമ്പളം നല്‍കാമെന്ന് ജീവനക്കാര്‍

സ്വന്തം ലേഖകന്‍

കെഎസ്ആര്‍ടിസിക്കെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാര്‍. ഉന്നത തലത്തില്‍ ഫണ്ട് വെട്ടിപ്പാണെന്ന സംശയം ഉയര്‍ത്തി സംഘടനകള്‍.

ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണം സര്‍ക്കാര്‍ നല്‍കിയിട്ടും വരുമാനത്തില്‍ നിന്ന് ചെലവു കഴിഞ്ഞ് എല്ലാ മാസവും ബാക്കി വരുന്ന പണം എന്ത് ചെയ്യുന്നുവെന്നാണ് ജീവനക്കാര്‍ക്ക് അറിയേണ്ടത്. മാസം 90 കോടിയോളം രൂപ എവിടെ പോകുന്നുവെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോര്‍ ജസ്റ്റിസ് രംഗത്തെത്തി.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2021 മുതല്‍ ഈ മാസം വരെ 5868.53 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇതനുസരിച്ച് കഴിഞ്ഞ നാല്‍പത് മാസത്തില്‍ പ്രതിമാസം 146.7 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയത്.

കെ.എസ്.ആര്‍.ടി.സിക്ക് പ്രതിമാസം 200 മുതല്‍ 240 കോടി രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. പെന്‍ഷന്‍ ഇനത്തില്‍ പ്രതിമാസം 70 കോടിയും ശമ്പളം നല്‍കുന്നതിന് 82 കോടി രൂപയുമാണ് വേണ്ടത്. സര്‍ക്കാര്‍ നല്‍കുന്ന സഹായം കൊണ്ടു തന്നെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയും.

വരുമാനത്തില്‍ നിന്ന് ഡീസലിന് 100 കോടിയും മെയിന്റനന്‍സ് ഇനത്തില്‍ പത്തു കോടി രൂപയും ബാങ്ക് ലോണ്‍ തിരിച്ചടവിനായി 30 കോടിയും മറ്റു ചെലവുകള്‍ക്കായി പത്തു കോടിയും കണക്കാക്കിയാല്‍ പോലും ആകെ 150 കോടി രൂപയാണ് ചെലവ് വരുന്നത്. ഓരോ മാസത്തിലും വരുമാനത്തില്‍ നേരിയ വ്യത്യാസം ഉണ്ടായേക്കാം. എന്നിരുന്നാലും കിട്ടുന്ന വരുമാനത്തില്‍ നിന്ന് ചെലവ് പോയാലും ബാക്കിയുള്ള തുക ഏതാണ്ട് 90 കോടിയോളം രൂപ വരും. ഈ തുക എവിടെ പോയെന്നാണ് ജീവനക്കാരുടെ സംഘടന ചോദിക്കുന്നത്.

കണക്ക് ഓഡിറ്റ് ചെയ്താല്‍ ഈ കോടികളുടെ തട്ടിപ്പ് പുറത്തു വരുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. പണമില്ലെന്നു പറഞ്ഞ് സര്‍ക്കാരില്‍ നിന്ന് സഹായം വാങ്ങിക്കുകയും ബാക്കി വരുന്ന കോടികള്‍ എവിടേക്കാണ് പോകുന്നതെന്നുമാണ് അറിയാത്തത്. ഈ തുക സര്‍ക്കാരിലേക്ക് അടയ്ക്കുന്നതായോ മറ്റു ചെലവുകള്‍ നടത്തുന്നതായോ എവിടെയും കണക്കില്ല.

ഇത്രയും വലിയ തുകയുടെ കണക്ക് വ്യക്തമാക്കിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ദിവസത്തെ ശമ്പളമല്ല ഒരു മാസത്തെ ശമ്പളം തന്നെ നല്‍കാമെന്ന് ഫോറം ഫോര്‍ ജസ്റ്റിസ് സംഘടന സംസ്ഥാന പ്രസിഡന്റ് ടി കെ. പ്രദീപ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ കണക്ക് ഓഡിറ്റ് നടത്താന്‍ തങ്ങള്‍ വെല്ലുവിളിക്കുകയാണെന്നും പ്രദീപ് വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളിലും നടത്തുന്നതുപോലെ സി എ ജി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

Most Popular

Recent Comments