സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം: അന്വേഷണത്തിന് പ്രത്യേക ടീം

0
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം: അന്വേഷണത്തിന് പ്രത്യേക ടീം

ചലച്ചിത്ര മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കുന്ന അനേഷണ സംഘത്തെ നയിക്കുക ഐജി സ്പര്‍ജന്‍ കുമാറാണ്. ഡിഐജി എസ് അജിതാ ബീഗം, മെറിന്‍ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ, വി അജിത്ത്, എസ് മധുസൂദനന്‍ എ്ന്നിവരാണ് സംഘത്തില്‍.

ആരോപണം ഉന്നയിക്കുന്നവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കേസെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തായ നടുക്കുന്ന ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കാന്‍ നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാരിൻ്റെ മുന്‍ നിലപാട്. പരാതിക്കാര്‍ക്ക് രഹസ്യസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് പൊലീസുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായേക്കും. പരാതിയുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കും.

നവമാധ്യമങ്ങളിലൂടെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ സര്‍ക്കാര്‍ തന്നെ ബന്ധപ്പെട്ട് അവര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തും. ശേഷം കേസെടുത്ത് മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കും. ലൈംഗിക ആരോപണങ്ങളില്‍ കേസെടുക്കാത്തതില്‍ പ്രതിപക്ഷവും സിനിമാ പ്രവര്‍ത്തകരും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്.