പ്രതീക്ഷിക്കാത്ത അംഗീകാരം: ബീന ആർ ചന്ദ്രൻ

0
പ്രതീക്ഷിക്കാത്ത അംഗീകാരം: ബീന ആർ ചന്ദ്രൻ

പ്രതീക്ഷിക്കാത്ത അംഗീകാരമാണിതെന്ന് ബീന ആർ ചന്ദ്രൻ പറയുമ്പോൾ അതിൽ തെല്ലും അതിശയോക്തി ഇല്ല. കാരണം അവാർഡിനായുള്ള അഭിനയം ഈ ടീച്ചർക്കില്ല.

അധ്യാപനവും അഭിനയവും ഒരുപോലെ ഹൃദയത്തിലേറ്റി നടക്കുന്ന കലാകാരി. നാടക കലയുടെ ചിറകിലേറി സിനിമാ ലോകം കീഴടക്കി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ ബീന ആർ ചന്ദ്രൻ മലയാളി ഡസ്ക്ക് പ്രതിനിധി ഐശ്വര്യയോട് മനസ്സ് തുറക്കുന്നു.

ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ഗീതയെന്ന അങ്കണവാടി ടീച്ചറെയാണ് ബീന അനശ്വരമാക്കിയത്. പട്ടാമ്പി പരൂതൂർ സി ഐ യു പി സ്കൂളിലെ അധ്യാപികയായ പുരസ്കാര ജേതാവിന് ഒരു പാട് പറയാനുണ്ട്.

പ്രതീക്ഷിക്കാത്ത അംഗീകാരം

സിനിമ ചെയ്യുമ്പോഴൊന്നും ഇത്രയും വലിയ അംഗീകാരം എന്നെ തേടി വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. വളരെ ആസ്വദിച്ച് സീരിയസ്സായി തന്നെയാണ് സിനിമയെ കാണുന്നത്. സിനിമ പാഷനായി മനസ്സിൽ കൊണ്ട് നടക്കുന്ന സംവിധായകനാണ് ഫാസിൽ റസാഖ്. അഭിനയത്തിൻ്റെ ഓരോ നിമിഷവും ആ കുട്ടി ഉയരത്തിൽ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ഇത്ര അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഐഎഫ്എഫ്കെ യിൽ സിനിമ അവതരിപ്പിച്ചപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചത്. സംസ്ഥാന അവാർഡ് ലഭിക്കുമെന്ന് ഒരു പാട് പേർ പറഞ്ഞിരുന്നു. ആ വാക്കുകൾ തന്നെ വലിയ അംഗീകാരമായാണ് ഞാൻ കണ്ടത്. അവാർഡ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. മലയാളത്തിൻ്റെ എന്നത്തേയും മികച്ച നടി ഉർവ്വശി ചേച്ചിക്കൊപ്പം ചേർത്ത് നിർത്തിയപ്പോൾ അത് വലിയ അംഗീകാരമായി തോന്നി.

കല ജീവിതത്തിൻ്റെ ഒരു ഭാഗമാണ്

ചെറുപ്പം മുതലേ കലോത്സവ വേദികളിൽ സജ്ജീവമായിരുന്നു. നൃത്തത്തിലും നാടകാഭിനയത്തിലുമെല്ലാം പങ്കെടുത്തിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയക്ക് ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. പ്രീ ഡിഗ്രി പഠന കാലത്താണ് നാടകാഭിനയം കുറേ കൂടി ഗൗരവമായി എടുത്തത്. ആ സമയത്ത് അഭിനയനിച്ച കർണ്ണഭാരം എന്ന സംസ്കൃത നാടകത്തിന് യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം സ്ഥാനം നേടാനായി. ഡിഗ്രി പഠന കാലത്തും അത് തുടർന്നു. സി എൽ ജോസിൻ്റെ നാടകങ്ങളാണ് കൂടുതൽ അവതരിപ്പിച്ചിരുന്നത്.

പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിലാണ് ഞാൻ പഠിച്ചിരുന്നത്. അതിനാൽ നാടകങ്ങളിലെ പുരുഷ വേഷങ്ങൾ ഞങ്ങൾ തന്നെ ചെയ്യും. പിന്നീട് കുറച്ച് കാലം കലാരംഗത്ത് നിന്ന് വിട്ട് നിൽക്കേണ്ടി വന്നു. എന്നാൽ വിവാഹത്തിനു ശേഷം അമേച്വർ നാടക രംഗത്ത് കൂടുതൽ സജീവമായി. ആറങ്ങോട്ട് കര കലാ പാഠശാലയാണ് എൻ്റെ പ്രവർത്തന കേന്ദ്രം. പിന്നീട് ധാരാളം നാടകസംഘങ്ങളിലും പ്രവർത്തിക്കാനായി.

തടവ് എനിക്കു വേണ്ടി പിറന്ന സിനിമ

നാടകത്തിനപ്പുറം ഷോട്ട് ഫിലിമുകളിലും സിനിമകളിലുമായി ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. മണികണ്ഠൻ പട്ടാമ്പി, എം ജി ശശി, സുധേവൻ പെരിങ്ങോട് ഇവരുടെയൊക്കെ സിനിമ ചെയ്യാൻ സാധിച്ചു. ചില സിനിമകൾ ഐ എഫ് എഫ് കെ യിൽ സ്ഥാനം പിടിച്ചിരുന്നു. അതിനു ശേഷം ഫാസിൽ റസാഖിൻ്റെ അതിര്, പിറ എന്നീ രണ്ടു ഷോട്ട് ഫിലിമുകൾ ചെയ്തു. ആ ഷോട്ട് ഫിലിംമിന് കഴിഞ്ഞ വർഷം സംസ്ഥാന അവാർഡ് ലഭിച്ചു.

പിന്നീട് ഫാസിൽ ഒരു സിനിമ ചെയ്യുന്നു എന്ന് പറഞ്ഞു. “ടീച്ചർക്ക് വേണ്ടിയാണ് ചെയ്യുന്നത്. ടീച്ചറെ കേന്ദ്രീകരിച്ചാണ് കഥ ” എന്നൊക്കെ പറഞ്ഞാണ് തടവ് സിനിമ ചെയ്തത്. അതെ തടവ് എനിക്ക് വേണ്ടി ഉണ്ടായ സിനിമയാണ്.

അധ്യാപനം മികച്ച കലയാണ്

നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അവതരിപ്പിച്ച ഒരു പ്രസംഗത്തിൽ ഞാൻ പറഞ്ഞത് എനിക്ക് അധ്യാപികയാകണമെന്നാണ്. നല്ലൊരു അധ്യാപികയ്ക്ക് നല്ലൊരു കലാകാരിയാകാനും കഴിയും. കുട്ടികൾക്ക് മുന്നിൽ അഭിനയം അവതരിപ്പിക്കാനും അവരെ കൊണ്ട് അഭിനയിപ്പിക്കാനും അധ്യാപികക്ക് കഴിയും. എല്ലാ കലാവാസനയും പ്രകടിപ്പിക്കാൻ കഴിയുന്ന മേഖലയാണ് അധ്യാപനം. അധ്യാപകർക്ക് എല്ലാ ദിവസവും പുത്തനാണ്, പുതുമയാണ്.

പുതുതലമുറ സിനിമയെ ഗൗരവമായി തന്നെ കാണുന്നു

കലാമൂല്യമുള്ള സിനിമകളുമായി ഒരു പാട് നവാഗതർ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. സിനിമയെ ഗൗരവായി തന്നെ കണ്ട് പുതിയ രീതിയിലാണ് യുവതലമുറ കൈകാര്യം ചെയ്യുന്നത്. നല്ല സിനിമകളുമായി യുവതലമുറ ഇനിയും മുന്നോട്ട് വരണം. നല്ല വേഷങ്ങൾ ലഭിച്ചാൽ ഇനിയും സിനിമാ രംഗത്ത് ഉണ്ടാകും. എന്നാലും നാടക വേദികളിൽ സജീവമായിരിക്കും.