കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹിയിലും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം തുടരുകയാണ്. ഡല്‍ഹിയില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.
കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ മതിയായ സുരക്ഷയില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സൗകര്യം ആശുപത്രിയിലില്ല. ശുചിമുറികള്‍ മോശമായ അവസ്ഥയിലാണെന്നും അന്വേഷണ സമിതി കണ്ടെത്തി. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും അത് വേഗത്തില്‍ നടപ്പിലാക്കണമെന്നും ദേശീയ വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതേ സമയം വനിതാ ഡോക്ടര്‍ക്ക് നേരെ ഉണ്ടായത് ക്രൂര പീഡനമാണെന്നും സംഭവം അറിഞ്ഞിട്ടും അധികൃതര്‍ കുറ്റകൃത്യം മറച്ചുവെച്ചെന്നും ആര്‍ജികര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കുറ്റകൃത്യത്തില്‍ രണ്ടോ മൂന്നോ പേര്‍ക്ക് പങ്കുണ്ട്. മുന്‍ പ്രിന്‍സിപ്പലിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യുകയാണ്.