ബംഗാളില്‍ വനിതാ ഡോക്ടര്‍ നേരിട്ടത് ക്രൂര പീഡനം. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. പ്രതി സഞ്ജയ് റോയി യുവതിയെ ക്രൂരമായി മര്‍ദിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതാ ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മാരക മുറിവുകളുണ്ടെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ രക്തസ്രാവമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിയുടെ മര്‍ദനത്തില്‍ വനിതാ ഡോക്ടറുടെ കണ്ണട പൊട്ടി ചില്ലുകള്‍ കണ്ണില്‍ പതിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. യുവതി മരിച്ചത് പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം വനിത ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പട്ട് നല്‍കിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാവ് അഡ്വ. കൗസ്തവ് ബഗ്ചി നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുക.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ വനിത ഡോക്ടറെ സെമിനാര്‍ ഹാളിനുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.