HomeKeralaമുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി

മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി

വയനാട്ടില്‍ ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.

ദുരന്തപ്രദേശത്ത് സുരക്ഷിതവും അല്ലാത്തതുമായ പ്രദേശം ഏതാണ്, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, ഉരുള്‍പൊട്ടലിന്റെ കാരണം, പ്രഭവസ്ഥാനം എന്നീ കാര്യങ്ങള്‍ കണ്ടെത്തുന്നതിനാണ് പരിശോധനയില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നതെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി പറഞ്ഞു.

ഈ കാര്യങ്ങളില്‍ പഠനം വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്നും സംഘം ശുപാര്‍ശ ചെയ്യും. ഇതനുസരിച്ചായിരിക്കും അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ പുനര്‍നിര്‍മാണപ്രവര്‍ത്തനവും ആള്‍ത്താമസവും മറ്റും സര്‍ക്കാര്‍ തീരുമാനിക്കുക.

സി.ഡബ്ല്യു.ആര്‍.എം. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കല്‍ എന്‍.ഐ.ടി. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ്, ഷിനു എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.

Most Popular

Recent Comments