- കുടിയേറ്റ കമ്മ്യൂണിറ്റികള്‍ സുരക്ഷിതര്‍; പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍.
* ജാഗ്രതാനിര്‍ദേശം നല്‍കി വിവിധ രാജ്യങ്ങള്‍
ബ്രിട്ടനില്‍ നടക്കുന്ന കുടിയേറ്റവിരുദ്ധ പ്രക്ഷോഭത്തില്‍ കുടിയേറ്റ കമ്മ്യൂണിറ്റികള്‍ സുരക്ഷിതരായിരിക്കുമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ ഉറപ്പ്. ഒരാഴ്ചയായി നടക്കുന്ന പ്രക്ഷോഭത്തില്‍ അഞ്ഞൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമക്കേട് തടയാന്‍ 6,000 ത്തോളം പബ്ലിക് ഓര്‍ഡര്‍ ഓഫീസര്‍മാരെ നിയമിച്ചു. രാജ്യത്തെ ജയിലുകളുടെ ശേഷി കൂട്ടാനുള്ള നടപടി സര്‍ക്കാര്‍ ഊര്‍ജിതമാക്കി.
അക്രമാസകതമായ പ്രതിഷേധങ്ങള്‍ നടത്തുന്നവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇന്ന് മാത്രം 30 റാലികളാണ് ബ്രിട്ടനിലെ പല നഗരങ്ങളിലായി പ്രക്ഷോഭകര്‍ സംഘടിപ്പിച്ചിട്ടുള്ളത്.
ജൂലൈ 29 ന് സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരം പ്രചരിച്ചതിനെ തുടര്‍ന്നാണ് കുടിയേറ്റവിരുദ്ധ പ്രക്ഷോഭം
പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭകര്‍ കഴിഞ്ഞദിവസം അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന രണ്ട് ഹോട്ടലുകള്‍ ആക്രമിക്കുകയും ജനാലകള്‍ക്ക് തീവയ്ക്കുകയും ചെയ്തു. മലയാളി യുവാവിന് നേരെയും ആക്രമണമുണ്ടായി. ബെല്‍ഫാസില്‍ താമസിക്കുന്ന മലയാളി യുവാവ് രാത്രിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു ആക്രമണം. വിവിധയിടങ്ങളില്‍ അക്രമത്തില്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കത്തിയാക്രമണത്തിനു പിന്നില്‍ വെയില്‍സിലെ 17 വയസ്സുകാരനാണെന്ന് വ്യക്തമായിട്ടും തീവ്രവലതു സംഘടനകള്‍ പ്രക്ഷോഭം തുടരുന്നതിനെ പ്രധാനമന്ത്രി അപലപിച്ചു. കലാപങ്ങള്‍ക്ക് നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ നേതൃത്വം നല്‍കുന്നവര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ലെന്ന് സ്റ്റാമര്‍ മുന്നറിയിപ്പ് നല്‍കി.
ഇതിനിടെ യുകെയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശ കാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.