പ്രത്യേക ലേഖകന്‍
തൃശൂര്‍: വാരാന്ത്യത്തില്‍ കോളജ് വിദ്യാര്‍ഥിനികളെയും കൂട്ടി കേരളത്തിന് പുറത്തേക്ക് നടത്തുന്ന സന്ദര്‍ശനങ്ങളിലൂടെ ലഹരി കടത്ത് സജീവമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളത്.
ഹോസ്റ്റലില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികളാണ് വിദ്യാര്‍ഥിനികളെയും കൂട്ടി ആഴ്ചയുടെ അവസാനം സംസ്ഥാനത്തിന് പുറത്തു പോയി ലഹരിയുമായി മടങ്ങുന്നത്. ലഹരിയെത്തിക്കുന്ന ഇടനിലക്കാരെ എക്സൈസ് വകുപ്പും പോലീസും നോട്ടമിട്ടതോടെയാണ് മറ്റു മാര്‍ഗങ്ങള്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ തേടിയിരിക്കുന്നത്.
ഹോസ്റ്റലുകളില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികളാണ് ഇതിന് നേതൃത്വം നല്‍കുന്നതത്രേ. വാരാന്ത്യത്തില്‍ വീട്ടിലേക്കാണെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങുന്ന വിദ്യാര്‍ഥികള്‍ പലരും വീടുകളില്‍ എത്താറില്ല. പെണ്‍കുട്ടികളടങ്ങുന്ന സംഘം ട്രെയിനിലോ ദീര്‍ഘദൂര ബസുകളിലോ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്ത് ലഹരി മൊത്ത വില്‍പനക്കാരനെ തേടി യാത്ര തിരിക്കും. ഒട്ടു മിക്കവരും ശനിയാഴ്ച വൈകീട്ടോടെ തന്നെ തിരിച്ചെത്തും. പിന്നീട് ഹോസ്റ്റലുകളിലേക്ക് കുട്ടികളെ വരുത്തി ഇത് നല്‍കും.
എന്‍ജിനിയറിംഗ്, മെഡിക്കല്‍ വിദ്യാര്‍ഥികളടക്കമുള്ളവരില്‍ പലരും ലഹരിക്കടിമയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളില്‍ പലരും ലഹരിക്കടിമയാണെന്ന വിവരം പുറത്തു വന്നിരുന്നു. ഇവരെ പൊലീസ് ഇന്റലിന്‍ജന്‍സ് വിഭാഗം പിടികൂടുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥിനകളും ഇപ്പോള്‍ ലഹരി ഉപയോഗത്തില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോസ്റ്റലിലോ കോളജിലോ ഒന്നും ലഹരി ഉപയോഗിക്കാന്‍ സ്ഥലമില്ലാത്തവര്‍ക്ക് നഗരങ്ങളില്‍ പല കേന്ദ്രങ്ങളില്‍ അവസരം ലഭിക്കും. കൂടാതെ ശനിയും ഞായറുമൊക്കെ ലഹരി ഉപയോഗത്തിനായി മാത്രം കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് ഇത്തരം ചില കേന്ദ്രങ്ങള്‍ തൃശൂരില്‍ പോലീസും എക്സൈസ് വകുപ്പും റെയ്ഡ് ചെയ്ത് പിടിച്ചിരുന്നു. കോളജ് വിദ്യാര്‍ഥിനികളടക്കം ഈ കേന്ദ്രങ്ങളില്‍ എത്തി ലഹരി ഉപയോഗിച്ച് രണ്ടു ദിവസം കഴിഞ്ഞ് തിങ്കളാഴ്ച കോളജിലെത്തും.
ട്രെയിനിലും ദീര്‍ഘദൂര ബസുകളിലുമൊക്കെ ലഹരി കൊണ്ടുവരുമ്പോള്‍ യാതൊരു കാരണവശാലും പിടിക്കപ്പെടുകയില്ല. കാറുകളില്‍ വരുമ്പോള്‍ മാത്രമാണ് പരിശോധനയെ പേടിക്കേണ്ടതുള്ളൂ. അതിനാലാണ് കൂടുതല്‍ പേരും ട്രെയിനുകളും ദീര്‍ഘദൂര ബസുകളും തെരഞ്ഞെടുത്തിരിക്കുന്നത്.
എല്ലാ ആഴ്ചകളിലും ദീര്‍ഘ ദൂര ബസുകളിലും ട്രെയിനുകളിലും കൂട്ടമായി വിദ്യാര്‍ഥിനികളടങ്ങുന്ന സംഘം പോകാറുണ്ട്. ഇതിനായി ആയിരം രൂപ വീതം എല്ലാ വിദ്യാര്‍ഥികളില്‍ നിന്നും പിരിച്ചെടുക്കും. ഈ പണവുമായെത്തിയാണ് ഇവര്‍ ലഹരി മൊത്ത വില്‍പനക്കാരില്‍ നിന്നും വാങ്ങുന്നത്.
ഇത്തരം വിദ്യാര്‍ഥിനികളെയും സംഘത്തെയും പിടികൂടാനുള്ള കെണികള്‍ ഒരുക്കി വരികയാണ്. ലഹരിക്കടിമയാകുന്നവര്‍ക്ക് പിന്നീട് പെട്ടന്ന് അതില്‍ നിന്ന് മോചനം കിട്ടുക പ്രയാസമാണ്. അതിനാലാണ് എത്ര വിലക്കിയാലും ഇവര്‍ ലഹരി വാങ്ങാന്‍ പോകുന്നത്. ലഹരിക്കടിമയാകുന്ന വിദ്യാര്‍ഥിനികളുടെ എണ്ണം കൂടിവരുന്നതാണ് ഏറെ ആശങ്കയുളവാക്കുന്നത്.
വിദ്യാര്‍ഥിനികളെ ഉപയോഗിച്ചുള്ള ലഹരി കടത്ത് പെട്ടന്ന് കണ്ടെത്താനും തടയാനും സാധിക്കില്ല. ഇത് മുതലെടുക്കുകയാണ് മയക്കു മാഫിയ. പിടികൂടുന്നവരില്‍ പലരും ഉന്നത ബന്ധങ്ങളുള്ളതാണെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പുറത്തു പറയാനും സാധിക്കാറില്ല. പറഞ്ഞാല്‍ അവര്‍ക്ക് സ്ഥലം മാറ്റം ഉറപ്പാണ്. കൂടാതെ വിദ്യാര്‍ഥിനികളുടെ ഭാവി പോകുമെന്നതും കാരണമാണ്. അതിനാല്‍ പിടികൂടുന്നവരെ രക്ഷിതാക്കളെ അറിയിച്ച് ഉപദേശിച്ചു വിടുകയാണ് പലപ്പോഴും ചെയ്യുന്നത്.