ലോക്ക് ഡൗണിനെ തുടർന്ന് രാത്രി കാലങ്ങളിൽ ചരക്ക് വാഹനങ്ങളുൾപ്പെടെയുള്ളവയിൽ യാത്ര ചെയ്യുന്നവർക്കായി കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗം ഭക്ഷണം വിളമ്പി. ഇത് ഇനിയുള്ള ദിവസങ്ങളിലും തുടരും. യാത്രാമദ്ധ്യേ കുടിവെള്ളം പോലും ലഭിക്കാതെ വലഞ്ഞ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാണ്. കുന്നംകുളത്ത് ഭക്ഷണം ലഭിക്കാത്തവർക്ക് ഭക്ഷണം പൊതികളായും, ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള കിറ്റുകളായും നൽകുന്നുണ്ട്. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഗവ. ബോയ്സ് ഹൈസ്‌കൂളിൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. കടത്തിണ്ണകളിൽ കിടക്കുന്നവർക്കും ക്യാമ്പ് പ്രവർത്തിയ്ക്കുന്നുണ്ട്. നഗരസഭാ പ്രദേശത്ത് ഭക്ഷണമില്ലാതെ യാതൊരാളും കഴിയരുതെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി കെ.കെ.മനോജിന്റെ നേതൃത്വത്തിൽ നഗരസഭയുടെ സുഭിക്ഷ കാന്റീൻ വഴിയാണ് ഭക്ഷണം നൽകി വരുന്നത്. കുന്നംകുളം നഗരസഭാ പ്രദേശത്ത് ലോക് ഡൗണിന്റെ പേരിൽ യാതൊരാളും വിശന്നിരിക്കാൻ ഇടവരില്ലെന്ന് ചെയർപേഴ്‌സൺ സീതരവീന്ദ്രൻ പറഞ്ഞു. ആരോഗ്യ വിഭാഗം ജീവനക്കാരായ എച്ച്.ഐ.സനൽകുമാർ, ജെഎച്ച്.ഐ.രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രാത്രി ഭക്ഷണ വിതരണം.