സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍
പാരീസ് ഒളിംപിക്‌സ് ഹോക്കി സെമി ഫൈനല്‍ ഇന്ന്. രാത്രി 10.30ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ജര്‍മനിയെ നേരിടും. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ഫൈനലില്‍ എത്തിയത്.
ക്വാര്‍ട്ടറില്‍ റെഡ് കാര്‍ഡ് കിട്ടിയ ഇന്ത്യയുടെ പ്രതിരോധനിര താരം അമിത് രോഹിദാസിനു ഇന്നു വിലക്കുമൂലം കളിക്കാനാവില്ല. രാജ്യാന്തര ഹോക്കി ഫെഡറേഷനാണ് അമിത്തിനെ ഒരു കളിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. അതിനാല്‍ 15 പേരേ ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടാകൂ. ക്വാര്‍ട്ടര്‍ ഫൈനലിലെ ഹീറോ ശ്രീജേഷിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിലും ആയിരിക്കും ഇന്ത്യയുടെ ഇന്നത്തെ പ്രതീക്ഷ.
ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ ജര്‍മനിയെ വീഴ്ത്തിയിരുന്നു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ജര്‍മനിക്കെതിരെ ഇന്ത്യക്ക് തന്നെയാണ് മേല്‍ക്കൈ. എന്നാല്‍ ജൂണില്‍ നടന്ന പ്രോ ഹോക്കി ലീഗില്‍ ഇന്ത്യയെ 2-3ന് ജര്‍മനി മുട്ടുകുത്തിച്ചിരുന്നു. ജര്‍മനിയുമായി ഇതുവരെ 18 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ആറ് മത്സരങ്ങളില്‍ ജര്‍മനി ജയിച്ചപ്പോള്‍ നാലു മത്സരങ്ങള്‍ സമനിലയായി.
ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പിക്കാം. പരാജയപ്പെട്ടാല്‍ പിന്നെ വെങ്കല മെഡലിനായി വീണ്ടും ഇറങ്ങേണ്ടി വരും.