തിമര്‍ത്തു കനത്തു പെയ്ത മഴ തൃശൂര്‍ ജില്ലയില്‍ ശമിച്ചു. ജില്ലയില്‍ മഴ വളരെ കുറവായി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ജില്ലയില്‍ ശരാശരി പെയ്തത് 3.3 മീ.മീറ്റര്‍ മഴയാണ്.
നിലവില്‍ ജില്ലയില്‍ 52 ദുരിതാശ്വാസ ക്യാമ്പുുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
1243 കുടുംബങ്ങളിലായി ആകെ 3219 പേര്‍ ക്യാമ്പുകളിലുണ്ട്. 1398 പുരുഷന്‍മാരും 1358 സ്ത്രീകളും 463 കുട്ടികളും്.
കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടങ്ങളൊന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ജില്ലയില്‍ നിലവില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍ കുണ്ട്, പത്താഴക്കുണ്ട് എന്നീ ഡാമുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ ചിമ്മിനി ഡാം പവര്‍ ജനറേഷന് വേണ്ടിയും തുറന്നിട്ടുണ്ട്.
പൂമല ഡാമിന്റെ രണ്ടു സ്പില്‍വേ ഷട്ടറുകള്‍ രണ്ടു സെന്റീ മീറ്ററും, രണ്ടു ഷട്ടറുകള്‍ ഒരു സെന്റീ മീറ്റര്‍ വീതവും തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.
പൊരിങ്ങല്‍കുത്ത് ഡാമിന്റെ ആറാം നമ്പര്‍ ഗേറ്റ് തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.
അസുരന്‍കുണ്ട് ഡാമിന്റെ 3 ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്.
വാഴാനി ഡാമിന്റെ 4 ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതം തുറന്ന് അധിക ജലം പുറത്തേക്ക് വിടുന്നുണ്ട്.
പത്താഴക്കുണ്ട് ഡാമിന്റെ 4 സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം തുറന്നിട്ടുണ്ട്.
പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ തുറന്ന് ജലം പുറത്തേക്ക് വിടുന്നുണ്ട്.