‘കമല കറുത്ത വംശജയോ ഇന്ത്യക്കാരിയോ?  വംശീയ വ്യക്തിത്വത്തെ ചോദ്യം ചെയ്ത് ട്രംപ്

0

യു എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസിന്റെ വംശീയ വ്യക്തിത്വത്തെ ചോദ്യം ചെയ്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ്. ബുധനാഴ്ച ചിക്കാഗോയില്‍ നടന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലാക്ക് ജേണലിസ്റ്റ് കണ്‍വെന്‍ഷനിലാണ് ട്രംപ്, കമല ഹാരിസിന്റെ വംശീയസ്വത്വത്തെ ചോദ്യം ചെയ്തത്.

‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ കറുത്ത വംശജയാണെന്ന് എനിക്കറിയില്ലായിരുന്നു, ഇപ്പോള്‍ അവര്‍ കറുത്ത വംശജയാണെന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇന്ത്യക്കാരിയാണോ? അതോ കറുത്തവംശജയാണോ’ കണ്‍വെന്‍ഷനില്‍ ചര്‍ച്ചയ്ക്കിടെ ട്രംപ് ചോദിച്ചു.

ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഭിന്നിപ്പിന്റെയും അനാദരവിന്റെയും പഴയ പ്രദര്‍ശനമാണെന്ന് ഹാരിസ് പ്രതികരിച്ചു.
‘അമേരിക്കന്‍ ജനത മികച്ചത് അര്‍ഹിക്കുന്നു. നമ്മുടെ വ്യത്യാസങ്ങള്‍ നമ്മെ ഭിന്നിപ്പിക്കുന്നില്ലെന്ന് മനസ്സിലാക്കുന്ന ഒരു നേതാവിനെ യു എസിലെ ജനങ്ങള്‍ അര്‍ഹിക്കുന്നു’ കമല പറഞ്ഞു.

കറുത്ത വംശജയായ ആദ്യ ഏഷ്യന്‍-അമേരിക്കന്‍ വൈസ് പ്രസിഡന്റാണ് കമല. ഇന്ത്യന്‍-ജമൈക്കന്‍ വംശജരാണ് കമലയുടെ മാതാപിതാക്കള്‍.