HomeFilmഭരത സ്പര്‍ശമില്ലാതെ മൂന്ന് പതീറ്റാണ്ട്

ഭരത സ്പര്‍ശമില്ലാതെ മൂന്ന് പതീറ്റാണ്ട്

പുതു പരിവര്‍ത്തനത്തിലൂടെ മലയാള സിനിമയെ
പ്രേക്ഷക ഹൃദയത്തിലെത്തിച്ച സംവിധായകനായിരുന്നു ഭരതന്‍ എന്ന കലാപ്രതിഭ. യാഥാസ്ഥിതിക മനോഭവങ്ങളെ കാറ്റില്‍ പറത്തി ഭരതന്‍ പടുത്തുയര്‍ത്തിയ കലാസൃഷ്ടികള്‍ ഇന്നും പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത ദൃശ്യവിസ്മയങ്ങളാണ്.
ഭരതനെന്ന പ്രയാണം അമര പദത്തിലാഴ്ന്നിട്ട് 26 വര്‍ഷം പിന്നിടുന്നു. 1998 ജൂലൈ 30 നാണ് കാഴ്ചയുടെ വര്‍ണ്ണ വസന്തം സമ്മാനിച്ച ആ അതുല്യ പ്രതിഭ വിട പറഞ്ഞത്.

രാമായണത്തിലെ ഉപകഥകളില്‍ അപ്രധാനമായ ഒരു കഥാപാത്രത്തെ ഒരിക്കലും മറക്കാനാകാത്ത വിധം ഭരതന്‍ ആവിഷ്‌കരിച്ചപ്പോള്‍ വൈശാലി പ്രേക്ഷകര്‍ക്ക് രാമായണത്തിലെ മറ്റ് കഥാപാത്രത്തേക്കാള്‍ പ്രിയപ്പെട്ടതായി. വൈശാലിയാല്‍ ആകൃഷ്ടനായി ഋഷ്യശൃംഗന്‍ അംഗരാജ്യത്തെത്തിയപ്പോഴും, യുവമനസ്സിന്റെ വിഹ്വലതകള്‍ രതിനിര്‍വേദത്തിലൂടെ അവതരിപ്പിച്ചപ്പോഴും ലൈംഗികതയെ അശ്ലീലതയിലേക്ക് വഴുതി വീഴാതെ പ്രേക്ഷകരിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിലവിലെ സദാചാരത്തെയും ഇടുങ്ങിയ ചട്ടക്കൂടിനെയും തകര്‍ക്കാന്‍ ഭരതനായി.

ഒരു മനുഷ്യ മനസ്സിലുണരുന്ന നിര്‍ഭരമായ എല്ലാ വികാരങ്ങളും പല ചലച്ചിത്രങ്ങളായി ഭരതന്റെ സംവിധാനത്തില്‍ രൂപം കൊണ്ടു. അച്ഛ്‌നും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പാഥേയത്തിലൂടെ പറഞ്ഞപ്പോള്‍ ദേവരാഗത്തിലൂടെ തീവ്ര അനുരാഗത്തിന്റെ കഥ പറയാനും ഭരതനായി.

ജീവിതത്തിലെ പച്ചയായ മുഖങ്ങളെ ഒപ്പിടെയുക്കുന്നതായിരുന്നു ഭരതന്‍ സിനിമകള്‍. ഭരതന്‍ പത്മരാജന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞതും അത്തരം കലാമൂല്യ ചലച്ചിത്രങ്ങളായിരുന്നു.

കലാ സംവിധായകന്‍ കൂടിയായിരുന്ന ഭരതന്‍ തന്റെ സിനിമകളിലെ ഓരോ ഫ്രെയിമും മനസ്സില്‍ കണ്ടിരുന്നു. മനസ്സില്‍ കണ്ടതെല്ലാം ആസ്വാദകരിലെത്തിക്കാനും കഴിഞ്ഞു. ആ വിജയമാണ് തകരയും വെങ്കലവും ചമയവുമെല്ലാം ആരവം പോലെ ഇന്നും പ്രേക്ഷക ഹൃദയത്തില്‍ തിങ്ങി നില്‍ക്കുന്നത്. ഗുരുവായൂര്‍ കേശവന്‍, പാളങ്ങള്‍, മര്‍മ്മരം, മാളൂട്ടി അങ്ങനെ ഹൃദയം കീഴടക്കിയ ചിത്രങ്ങള്‍. മറക്കാനാകാത്ത ബന്ധങ്ങള്‍, കഥാപാത്രങ്ങള്‍, ഫ്രെയിമുകള്‍, വികാരങ്ങള്‍ ഇതെല്ലാമാണ് ഭരതന്‍ ടച്ച് മലയാള സിനിമക്ക് സമ്മാനിച്ചത്. ഭരതനില്ലാത്ത മൂന്ന് പതീറ്റാണ്ട് കടന്നു പോകുമ്പോള്‍ നഷ്ടമാകുന്നതും ഇതൊക്കെ തന്നെയാണ്.

 

Most Popular

Recent Comments