അര്‍ജുനായുള്ള തിരച്ചില്‍; ഡ്രോണ്‍ പരിശോധനയില്‍ ലോറിയുടെ സാന്നിധ്യം

0

കര്‍ണ്ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായി നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ ലോറിയുടെ സാന്നിധ്യം സ്‌പോട്ട് നാലില്‍ കണ്ടെത്തി. കരയില്‍നിന്ന് 132 മീറ്റര്‍ അകലെയാണ് ലോറി കണ്ടെത്തിയിട്ടുള്ളത്.

ചെളിയില്‍ ആഴ്ന്നു കിടക്കുകയാണ് ലോറി. എന്നാല്‍ സ്ഥലത്ത് മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. സ്‌പോട്ട് നാല് കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കി. നേവിയുടെ സ്‌കൂബ ടീം പുഴയില്‍ പരിശോധന നടത്തുകയാണ്. ഗംഗാവലിപ്പുഴയിലെ ചെളി മുങ്ങല്‍ വിദഗ്ധര്‍ക്ക് പരിശോധന നടത്തുന്നതിനും വെല്ലുവിളിയാണ്.

രക്ഷാ പ്രവര്‍ത്തനത്തിനായി നേവിയുടെ ടെക്‌നിക്കല്‍ സംഘം ഇന്ന് സ്ഥലത്തെത്തും. ടെക്‌നിക്കല്‍ സംഘത്തിന്റെ അനുമതി ലഭിച്ചശേഷം ദൗത്യം ആരംഭിക്കും. രക്ഷാ പ്രവര്‍ത്തനത്തിന് ടഗ് ബോട്ടിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 12 ദിവസമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂല കാലാവസ്ഥ പ്രതിസന്ധി ഉയര്‍ത്തുന്നു.