HomeIndiaഅര്‍ജുനെ കണ്ടെത്താന്‍ കൂറ്റന്‍ മണ്ണുമാന്തിയെത്തി

അര്‍ജുനെ കണ്ടെത്താന്‍ കൂറ്റന്‍ മണ്ണുമാന്തിയെത്തി

രക്ഷാപ്രവര്‍ത്തനം ഒമ്പതാം നാള്‍

കര്‍ണ്ണാടക അങ്കോലയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലിനായി കൂറ്റന്‍ മണ്ണുമാന്തി യന്ത്രം ഷിരൂരിലെത്തിച്ചു. 60 അടി വരെ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുന്ന സാനി എസ്‌കവേറ്റര്‍ യന്ത്രമാണ് എത്തിച്ചത്. പുഴക്കരയില്‍ നിന്ന് പുഴയില്‍ തിരച്ചില്‍ നടത്താന്‍ എസ്‌കവേറ്റര്‍ മുഖേന കഴിയും.

ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ നാളെ രാവിലെ ആറുമണിക്ക് ആരംഭിക്കും. ആഴത്തിലുള്ള ലോഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലും നടത്തും. ഇന്ന് രാവിലെ മുതല്‍ കര- നാവികസേനയുടെ മൂന്നു ബോട്ടുകള്‍ സമീപത്തെ ഗംഗാവതിപ്പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. പുഴയില്‍ കഴിഞ്ഞ ദിവസം ലഭിച്ച സിഗ്‌നല്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍.

രക്ഷാ പ്രവര്‍ത്തനത്തിനായി മലയാളി റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രപാലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാത്രിയോടെ ഷിരൂരിലെത്തും. സാറ്റലേറ്റ് നാവിഗേഷന്‍ സംവിധാനം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും.എങ്ങനെ തിരച്ചില്‍ നടത്തണമെന്ന കൃത്യമായ പ്ലാന്‍ തയ്യാറാക്കുമെന്ന് മേജര്‍ ജനറല്‍ ഇന്ദ്രപാല്‍ പറഞ്ഞു . തിരച്ചിലിനായി അത്യാധുനിക സംവിധാനങ്ങള്‍ മൂന്നിടങ്ങളില്‍ നിന്ന് എത്തിക്കും. മൂന്നു നാല് മണിക്കൂര്‍ കൊണ്ട് തിരച്ചില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജുനെ കണ്ടെത്താനുളള രക്ഷാ പ്രവര്‍ത്തനം ഒമ്പതാം നാളും ഊര്‍ജിതമായി നടക്കുകയാണ്.അതേസമയം അര്‍ജുന്റെ ലോറിയുടെ എന്‍ജിന്‍ ഓണ്‍ ആയിരുന്നില്ലെന്ന് ഭാരതീയ ബെന്‍സ് റിപ്പോര്‍ട്ട് നല്‍കി. ലോറിയുടെ എന്‍ജിന്‍ അപകടം നടന്ന ദിവസം പുലര്‍ച്ചെ 3.47നാണ് അവസാനമായി ഓണായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

* അര്‍ജുനായുള്ള തിരച്ചിലിനായി കൂറ്റന്‍ മണ്ണുമാന്തി യന്ത്രം ഷിരൂരിലെത്തിച്ചു
* 60 അടി വരെ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ കഴിയും
* കര- നാവികസേനയുടെ മൂന്നു ബോട്ടുകള്‍ സമീപത്തെ ഗംഗാവതിപ്പുഴയില്‍ തിരച്ചില്‍ തുടരുന്നു
* ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ നാളെ രാവിലെ ആറുമണിക്ക് ആരംഭിക്കും.
* റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രപാലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാത്രിയോടെ ഷിരൂരിലെത്തും

 

Most Popular

Recent Comments