HomeLatest Newsകായിക ലോകം പാരീസില്‍;  പ്രതീക്ഷയോടെ ഇന്ത്യ

കായിക ലോകം പാരീസില്‍;  പ്രതീക്ഷയോടെ ഇന്ത്യ

  • ഉദ്ഘാടനം ഇന്ത്യന്‍ സമയം രാത്രി 11.54ന്

    * 32 ഇനങ്ങള്‍ 35 വേദികള്‍ 10,500 താരങ്ങള്‍

    * ഇന്ത്യയ്ക്കായി 117 പ്രതിഭകള്‍ മാറ്റുരക്കും

    * 70 പുരുഷന്മാരും 47 സ്ത്രീകളും

പാരീസ്: ഭൂമിയിലെ മനുഷ്യരുടെ ഏറ്റവും വലിയ കൂട്ടായ്മ ഏതാണെന്നതിന് മറ്റൊരു ഉത്തരമില്ല, ഒളിമ്പിക്‌സ് അല്ലാതെ. വീണ്ടും ഒരു ഒളിമ്പിക്‌സ് എത്തുമ്പോള്‍ സ്‌നേഹം സഹവര്‍ത്തിത്വം സാഹോദര്യം എന്ന സന്ദേശം മനസ്സുകളിലേക്ക് എത്തുകയാണ്. മനുഷ്യന്‍ എന്ന പ്രകൃതിയുടെ ഏറ്റവും മികച്ച സൃഷ്ടികളില്‍ സ്‌നേഹം നിറക്കാന്‍ മഹത്തായ ഈ കായിക വേദിക്ക് കഴിയും എന്നാശിക്കാം.

ഇന്ത്യന്‍ സമയം രാത്രി 11.54 (പാരീസില്‍ രാത്രി 8.24) നാണ് ഒളിമ്പിക്‌സിന് ഔദ്യോഗിക തുടക്കം. നമ്മുടെ രാജ്യത്തിനെ പ്രതിനിധീകരിച്ച് 117 പ്രതിഭകള്‍ പാരീസില്‍ മാറ്റുരക്കും. 70 പുരുഷന്മാരും 47 സ്ത്രീകളും.

ആദ്യമായാണ് തുറന്ന വേദിയില്‍ ഒളിമ്പിക്‌സ് ഉദ്ഘാടനം നടക്കുന്നത്. സെന്‍ നദിയിലൂടെയുള്ള മാര്‍ച്ച് പാസ്റ്റും ചരിത്രമാകും. ഈഫല്‍ ഗോപുരത്തിന് മുന്നിലാണ് ഉദ്ഘാടനം. ട്രോക്കോ ദെറോ മൈതാനത്ത് മൂന്നു മണിക്കൂറോളം ആണ് ചടങ്ങ്. ഫ്രാന്‍സിന്റെ കലാ സാംസ്‌ക്കാരിക വൈവിധ്യം വിളിച്ചോതുന്ന മനോഹര കലാപ്രകടനമാണ് വേദിയില്‍ കാത്തിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.

അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി നടക്കുന്ന ഒരുക്കമാണ് കാഴ്ചയുടെയും വൈവിധ്യത്തിന്റേയും സുരക്ഷയുടേയും പുതിയ സാക്ഷ്യമാകുന്നത്. ഇന്ത്യയുടെ പതാകയേന്തുന്നത് പി വി സിന്ധുവും അചന്ത ശരത്കമലുമാണ്. ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങള്‍ ഇനിയും ഒളിമ്പിക്‌സ് കമ്മിറ്റി പുറത്തു വിട്ടിട്ടില്ല. എന്നാല്‍ വമ്പന്‍ താരനിര എത്തുമെന്നാണ് വിവരം. അമേരിക്കന്‍ പോപ്പ് ഗായിക ലേഡി ഗാഗ, ഫ്രഞ്ച് ഗായിക അയനക്കാമുറ തുടങ്ങിയവരുടെ മാന്ത്രിക പ്രകടനം ഉണ്ടാകുമെന്നാണ് സൂചന.

ലോക കായിക മാമാങ്കത്തില്‍ 32 ഇനങ്ങളും 35 വേദികളും ഉണ്ടാകും. മാറ്റുരക്കാനെത്തുന്നത് 10,500 കായിക വിസ്മയങ്ങളും. ഇനിയുള്ള 16 നാളുകള്‍ പാരീസിന്റെയാണ്. സ്‌നേഹത്തിന്റേയും സൗഹാര്‍ദത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയുമാണ്. ആശിക്കാം മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുക മാത്രം ചെയ്യുന്ന കാലത്തിനായി.

 

 

 

Most Popular

Recent Comments