HomeKeralaതൃശൂരിനെ മെരുക്കാനാകാതെ കെപിസിസി നേതൃത്വം

തൃശൂരിനെ മെരുക്കാനാകാതെ കെപിസിസി നേതൃത്വം

ഡിസിസി പ്രസിഡന്റ് ലിസ്റ്റില്‍
ജോസഫ് ടാജറ്റും രാജേന്ദ്രന്‍ അരങ്ങത്തും

തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന്റെ തോല്‍വി പാര്‍ട്ടിക്ക് ഏല്‍പ്പിച്ച ആഘാതം ചെറുതല്ലെന്ന് തിരിച്ചറിഞ്ഞിരിക്കയാണ് കെപിസിസി നേതൃത്വവും. യാതൊരു ഏകോപനവുമില്ലാതെ ജയിക്കുമെന്ന ആത്മവിശ്വാസം മാത്രം കണക്കാക്കി എല്ലാ നേതാക്കളും കാണിച്ച അലംഭാവമാണ് പാര്‍ട്ടിയെ ഇല്ലാതാക്കിയതെന്ന് ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള വി.കെ. ശ്രീകണ്ഠന്‍ എംപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

തൃശൂരിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ജില്ലയില്‍ നിന്നുള്ള നേതാക്കളിലൊരാളെ കണ്ടെത്തുകയെന്നത് തന്നെ ഇപ്പോള്‍ ദുഷ്‌കരമാണ്. പരസ്പരം പാര വച്ച് സ്ഥാനം മാത്രം ലക്ഷ്യം വച്ച് നീങ്ങുന്ന നേതാക്കളാണ് തൃശൂരിന്റെ ശാപം. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ കഴിവുള്ള നേതാക്കളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തി സ്വന്തം വ്യക്തിത്വം തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ഗ്രൂപ്പുകള്‍ അപ്രസക്തമായതോടെ മുതിര്‍ന്ന നേതാക്കള്‍ക്കും പാര്‍ട്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ആരു പറഞ്ഞാലും കേള്‍ക്കാത്ത സാഹചര്യത്തിലേക്ക് പാര്‍ട്ടി എത്തിക്കഴിഞ്ഞു.

കെ. മുരളീധരന്റെ തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു തന്നെയാണ് അണികളുടെ അഭിപ്രായം. നേതാക്കള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തത് തോല്‍വിയുടെ ആഘാതം കൂട്ടിയെന്നു തന്നെയാണ് വിലയിരുത്തല്‍. എ, ഐ ഗ്രൂപ്പുകള്‍ക്ക് നാഥന്‍മാരില്ലാതായി. പുതിയ ഗ്രൂപ്പുകള്‍ വന്നതോടെ ഈ ഗ്രൂപ്പുകളുടെ ശക്തിയും കുറഞ്ഞു. കെ സി വേണുഗോപാല്‍ ഗ്രൂപ്പും കെ. സുധാകരന്‍ ഗ്രൂപ്പുമൊക്കെ തൃശൂരില്‍ സജീവമായിരുന്നു.

യുവ നേതാക്കള്‍ പാര്‍ട്ടിയുടെ തലപ്പത്ത് വന്നാല്‍ മാത്രമേ ഗുണകരമാകൂവെന്നാണ് വി കെ ശ്രീകണ്ഠന്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെയും രാജേന്ദ്രന്‍ അരങ്ങത്തിന്റെയുമൊക്കെ പേരുകള്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാടുകള്‍ക്കെതിരേ പ്രതിഷേധിച്ച് പുതിയ എ ഗ്രൂപ്പുണ്ടാക്കിയവരാണ് ഇവര്‍. അതിനാല്‍ ചില എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും യുവ നേതൃത്വത്തെ തന്നെ ഡിസിസി പ്രസിഡന്റാക്കണമെന്നാണ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടെ ആവശ്യം.

ദീര്‍ഘനാള്‍ തൃശൂരില്‍ നില്‍ക്കാന്‍ വി കെ. ശ്രീകണ്ഠനും താല്‍പര്യമില്ല. എത്രയും വേഗം ഒരു പ്രസിഡന്റിനെ കണ്ടെത്തി ചുമതല ഒഴിയാനാണ് നോക്കുന്നത്. ടി എന്‍ പ്രതാപന്റെയും ജോസ് വള്ളൂരിന്റെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായങ്ങള്‍ പരിശോധിച്ചു മാത്രമേ കെപിസിസി നേതൃത്വം പുതിയ പ്രസിഡന്റിനെ നിയോഗിക്കൂ. അതിനുള്ള ആലോചനകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു.

 

Most Popular

Recent Comments