കേരളത്തിന് പുതിയ ടൂറിസം പദ്ധതികളില്ല
ആന്ധ്രപ്രദേശിനും ബീഹാറിനും പ്രത്യേക പരിഗണന നല്‍കി മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ധന ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് 15,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്.
ആന്ധ്രപ്രദേശിലെ വ്യവസായ വികസനത്തിന് പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. ആന്ധ്രയിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതികളും കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജുമുണ്ട്.
ബീഹാറിലെ ഹൈവേ വികസനത്തിന് 26000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാറില്‍ പ്രളയം നേരിടാന്‍ 11,500 കോടി രൂപയും ബീഹാറിന് പുതിയ മെഡിക്കല്‍ കോളേജുകളും എയര്‍പോര്‍ട്ടും ബജറ്റില്‍ പ്രഖ്യാപിച്ചു. പുതിയ ടൂറിസം പദ്ധതികള്‍ നല്‍കാത്തത് കേരളത്തെ നിരാശയിലാക്കി.
ഇന്ത്യയെ രാജാന്തര ടൂറിസം മേഖലയില്‍ ശക്തമാക്കും. മൂന്ന് ക്യാന്‍സര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഇല്ല. മരുന്നുകള്‍, മൊബൈല്‍ ഫോണുകള്‍ , ചാര്‍ജ്ജറുകള്‍ എന്നിവയുടെ വില കുറയും. സ്വര്‍ണ്ണത്തിനും വെള്ളിക്കും കസ്റ്റംസ് തീരുവ ആറ് ശതമാനമാക്കി കുറച്ചു. ഇതോടെ സ്വര്‍ണ്ണത്തിനും വെള്ളിയ്ക്കും വില കുറയും. സ്വര്‍ണ്ണം ഗ്രാമിന് 420 രൂപ വരെ കുറയാന്‍ സാധ്യത.
മത്സ്യ മേഖലയിലും നികുതിയിളവ് പ്രഖ്യാപിച്ചു. ചെമ്മീന്‍, മീന്‍ തീറ്റയ്ക്കുള്ള തീരുവ കുറച്ചു. 25 ധാതുക്കള്‍ക്ക് തീരുവ ഒഴിവാക്കി.
പ്ലാസ്റ്റിക്കിന് നികുതി കൂട്ടി. പിവിസി, ഫ്‌ലക്‌സ് ബാനറുകള്‍ക്കുള്ള തീരുവ 10 ശതമാനം വര്‍ദ്ധിപ്പിച്ചു. സോളാര്‍ സെല്ലുകള്‍ക്കും പാനലുകള്‍ക്കുമുള്ള തീരുവയില്‍ ഇളവ് നീട്ടിയില്ല. മദ്ര വായ്പ പരിധി ഉയര്‍ത്തി.