വിവരത്തില്‍ നിന്നും വിജ്ഞാനത്തിലേക്കും വിജ്ഞാനത്തില്‍ നിന്നും വിവേകത്തിലേക്കുമുള്ള പരിവർത്തനത്തിന് ഉതകുന്നതായിരിക്കണം വായനയെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വായന പക്ഷാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിജ്ഞാനം വിവേകമായി മാറുമ്പോഴാണ് അത് മനുഷ്യ ജീവിതത്തിന് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നത്. നമ്മുടെ ജീവിതത്തെയും അപരരുടെ ജീവിതത്തെയും ഉത്തമമാക്കാന്‍ സഹായിക്കുകയും ചെയ്യുമ്പോഴാണ് വായന അതിൻ്റെ സാഫല്യം നേടുന്നത്.
വായന പലതരത്തിലുള്ള വെല്ലുവിളികളെ നേരിടുന്ന കാലമാണിത്. ജീവിതത്തിൻ്റെ വേഗതയില്‍ വായന ആവശ്യപ്പെടുന്നത് ഒഴിവു സമയമാണ്. അതിവേഗത്തിലുള്ള ജീവിതത്തില്‍ വായനക്ക് സമയമില്ലാതാകുന്നു. ഒഴിവുസമയമാണ് മനുഷ്യ സംസ്‌കൃതിയുടെ ആരംഭത്തിന് കാരണം. ഒഴിവുസമയം കിട്ടിയ ആളുകളാണ് പുതിയ പുതിയ വിജ്ഞാന ശാഖകള്‍ നിര്‍മ്മിച്ചത്.
പുതിയ കാലഘട്ടത്തില്‍ വായന നിലച്ചു എന്ന് പറയാനാകില്ല. വായന അത് പുസ്തക വായന മാത്രമാകണമെന്നില്ല. ഇ-വായനയുടെ പ്രാധാന്യവും തിരിച്ചറിയണം. ഏതുരൂപത്തില്‍ പുസ്തകം വായിക്കുന്നു എന്നതല്ല ഏതു പുസ്തകം വായനയ്ക്കു തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലൈബ്രറി കൗണ്‍സില്‍, ജില്ലാ ഭരണകൂടം, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വായനാ വാരാചരണം നടത്തുന്നത്. പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് ഐ.വി ദാസിൻ്റെ ജന്മദിനമായ ജൂലൈ 7 ന് അവസാനിക്കും. ഇതിൻ്റെ ഭാഗമായി എല്ലാ വായനശാലകളിലും പി.എൻ.പണിക്കർ അനുസ്മരണം നടത്തും.
ജൂൺ 22ന് ജി.ശങ്കരപ്പിള്ള അനുസ്മരണം, 24, 25 തീയതികളിൽ ഗ്രന്ഥശാലാ പരിസരത്തെ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ എന്നിവ ഉണ്ടാകും. ജൂൺ 26 ന് ലഹരി വിരുദ്ധ സദസ് സംഘടിപ്പിക്കും. ചരമദിനം പക്ഷാചരണ കാലയളവിലുള്ള സാഹിത്യകാരൻമാരുടെ അനുസ്മരണവും വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സരങ്ങളും പദ്ധതികളുമാണ് ജൂലൈ 7 വരെ സംഘടിപ്പിക്കുന്ന മറ്റ് പരിപാടികൾ.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്ൻ്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. അസി. കളക്ടര്‍ അതുല്‍ സാഗര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിന്‍സ്, കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സി. അംഗം പി. തങ്കം , കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ. സി.പി അബൂബക്കര്‍, ഡി.ഡി.ഇ എ.കെ അജിതകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ.ജി ബാബുരാജ്, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം എം.കെ സദാനന്ദന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ ഹാരിഫാബി തുടങ്ങിയവര്‍ സംസാരിച്ചു.