തൃശൂർ- കുറ്റിപ്പുറം റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കും എന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ട് എ സി മൊയ്തീൻ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 33.23 കി.മീ ദൈർഘ്യമുള്ള തൃശ്ശൂർ-കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ വികസിപ്പിക്കുന്നതിന് 316.82 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 2021 സെപ്റ്റംബർ 9-ന് പ്രവൃത്തി ആരംഭിച്ചെങ്കിലും പദ്ധതി പൂർത്തീകരിക്കാനോ വർക്ക് ഷെഡ്യൂൾ അനുസരിച്ച് പുരോഗതി ഉണ്ടാക്കാനോ കരാറുകാർക്ക് സാധിച്ചില്ല. തുടർന്ന് മെയ് മാസത്തിൽ കരാർ കമ്പിനിയെ ടെർമിനേറ്റ് ചെയ്തു.
പദ്ധതി റീടെണ്ടർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ആയതിന് കാലതാമസം നേരിടുമെന്നതിനാൽ ഈ കാലയളവിൽ റോഡ് ഗതാഗതാ യോഗ്യമാക്കി നിലനിർത്തണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവൃത്തി വേഗത്തിലാക്കാനുള്ള ഇടപെടൽ ഉണ്ടാകും.
ഇതിൻ്റെ ഭാഗമായി 29 ലക്ഷം രൂപയുടെ പ്രീ മൺസൂൺ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുകയും സാങ്കേതികാനുമതി നൽകുകയും ചെയ്തിട്ടുണ്ട്. റോഡിൻ്റെ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു.