പ്രതിഭാ സംഗമം; ജില്ലാ പഞ്ചായത്ത് വിദ്യാർഥികളെ ആദരിച്ചു

0

ജില്ലയിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും അനുമോദിക്കുന്ന പ്രതിഭാ സംഗമം ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. വിശാലമായ ലോകത്ത് പഠിക്കാൻ കഴിയും വിധം ടെക്സുകളെ കൂടുതൽ വിപുലീകരിച്ചുള്ള പഠനത്തിലേക്ക് വിദ്യാർഥികൾ മാറണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.

ജില്ലാതല ഉദ്ഘാടനത്തിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ മുഴുവൻ എ പ്ലസ് നേടിയ 1495 വിദ്യാർഥികളെയും 100% വിജയം നേടിയ 32 സ്കൂളുകളെയും ആദരിച്ചു.
12 ഉപജില്ലകളിലായി 10,358 വിദ്യാർഥികളെയാണ് അനുമോദിക്കുക.

ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ 6354, ഹയർസെക്കൻഡറി -3936, വിഎച്ച്എസ്ഇ -38 വിദ്യാർഥികൾക്ക്‌ മുഴുവൻ എ പ്ലസ് ലഭിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 222 സ്കൂളുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ 13 സ്കൂളുകളും വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒരു സ്കൂളുമാണ് 100 ശതമാനം വിജയം നേടിയത്.

തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വി സജു, പി എസ് വിനയൻ, ജലീൽ ആദുർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ രവി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹൻ, തൃശൂർ ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി, തൃശ്ശൂർ ജില്ലാ വിദ്യഭ്യാസ ഓഫീസർ. ഡോ. അൻസാർ, എസ് എസ് കെ പ്രോഗ്രാം ഓഫീസർ ഡോ. എൻ പി. ബിനോയ്, തൃശൂർ ഈസ്‌റ്റ് എ. ഇ.ഒ പി.എം. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.