രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ എന്‍ഡിഎക്കായി മത്സരിക്കുക ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സുരേന്ദ്രനെ പ്രഖ്യാപിച്ചത്. എറണാകുളത്ത് ഡോ കെ എസ് രാധാകൃഷ്ണന്‍, ആലത്തൂരില്‍ ഡോ. ടി എന്‍ സരസു, കൊല്ലത്ത് നടന്‍ കൃഷ്ണകുമാര്‍ എന്നിവരും മത്സരിക്കും.
രാഹുല്‍ ഗാന്ധിക്കെതിരെ അതിശക്തമായ മത്സരമാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് സുരേന്ദ്രൻ്റെ സ്ഥാനാര്‍ത്ഥിത്വം. നിലവില്‍ സിപിഐയുടെ ആനിരാജയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കെ സുരേന്ദ്രന്‍ കൂടി മത്സരിക്കുമ്പോള്‍ വയനാട് കൂടുതല്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കും.
ആലത്തൂരില്‍ മത്സരിക്കുന്ന ഡോ. ടി എന്‍ സരസു പാലക്കാട് വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പലാണ്. പ്രഗത്ഭയായ ഈ അധ്യാപിക വിരമിക്കുന്ന ദിവസം കോളേജില്‍ എസ്എഫ്‌ഐക്കാര്‍ റീത്ത് വെച്ച് അപമാനിച്ച സംഭവം ദേശീയ വാര്‍ത്തയായിരുന്നു.
ഡോ. കെ എസ് രാധാകൃഷ്ണന്‍ കാലടി സര്‍വകലാശാല മുന്‍ വൈസ് ചെയര്‍മാനാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായി മുമ്പ് മത്സരിച്ച അനുഭവമുണ്ട്.
പ്രേമചന്ദ്രനും നടന്‍ മുകേഷും മത്സരിക്കുന്ന കൊല്ലത്തേക്ക് വരുന്നത് നടന്‍ കൃഷ്ണകുമാറാണ്. കൊല്ലം മണ്ഡലത്തില്‍ നേരത്തേ കേട്ട പേരു കൂടിയാണ് കൃഷ്ണകുമാറിൻ്റത്.
ദേശീയ തലത്തിലും വന്‍ താര നിരയാണ് അഞ്ചാമത് പട്ടികയില്‍ ഉള്ളത്. നടി കങ്കണ റണാവത്ത് മണ്ഡിയില്‍ മത്സരിക്കുമ്പോള്‍ മനേക ഗാന്ധി സുല്‍ത്താന്‍പൂരിലാണ്. ബിജെപിയിലേക്ക് തിരിച്ചെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ബെലഗാവിയിലാണ് മത്സരിക്കുക. സമ്പല്‍പൂരില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ബിഹാറിലെ ഉജ്ജ്യര്‍പൂരില്‍ കേന്ദ്രമന്ത്രി നിത്യാനന്ദ റായിയും മത്സരിക്കും.