ലോകസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ ഘട്ട ലിസ്റ്റ് പുറത്തിറക്കി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുടെ പേരുകള്‍ പട്ടികയിലുണ്ട്. കേരളത്തിലെ പ്രധാന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളും ആദ്യ ലിസ്റ്റിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ തന്നെയാണ് മത്സരിക്കുക. അമിത് ഷാ ഗാന്ധിനഗറിലും. കേരളത്തിലെ ഫസ്റ്റ് ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ പ്രതീക്ഷിച്ചവര്‍ തന്നെയാണ്.
തൃശൂരില്‍ നടന്‍ സുരേഷ് ഗോപിയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് സി കൃഷ്ണകുമാറും, തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും മത്സരിക്കും. പത്തനംതിട്ടയില്‍ പി സി ജോര്‍ജോ മകന്‍ ഷോണ്‍ ജോര്‍ജോ അല്ല. എ കെ ആൻ്റണിയുടെ മകന്‍ അനില്‍ ആൻ്റണിയാണ് ബിജെപി സ്ഥാനാര്‍ത്ഥി.
സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള മറ്റുള്ളവര്‍… എം എല്‍ അശ്വിനി (കാസര്‍കോഡ്), ശോഭ സുരേന്ദ്രന്‍ (ആലപ്പുഴ), സി രഘുനാഥ് (കണ്ണൂര്‍), ഡോ. അബ്ദുല്‍ സലാം (മലപ്പുറം), പ്രഫുല്‍ കൃഷ്ണ (വടകര), നിവേദിത സുബ്രഹ്‌മണ്യന്‍ (പൊന്നാനി), എം ടി രമേശ് (കോഴിക്കോട്).
195 സീറ്റുകളില്‍ 28 പേര്‍ വനിതകളാണ്. 47 പേര്‍ യുവജനങ്ങളാണ്. 34 കേന്ദ്ര മന്ത്രിമാര്‍, രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവരും പട്ടികയിലുണ്ട്. ബിജെപിയുടെ അടുത്ത ലക്ഷ്യമായ തമിഴ്‌നാട്ടിലെ പേരുകളൊന്നും ആദ്യ ലിസ്റ്റില്‍ ഇല്ല എന്നത് ശ്രദ്ധേയമായി.