അഞ്ചു വർഷം കൊണ്ട് പാലക്കാടിന് വേണ്ടി ഒന്നും ചെയ്യാത്ത എം പി യാണ് വി കെ ശ്രീകണ്ഠൻ എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ. ഇപ്പോൾ ബിജെപിയെ കുറ്റപ്പെടുത്തിയുള്ള രോദനം പാലക്കാട്ടുകാർക്ക് മനസ്സിലാവും എന്ന് കൃഷ്ണകുമാർ പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവനയിൽ നിന്ന്…
ഈ രാജ്യത്തെ പാവപ്പെട്ടവർക്കായി മോദി സർക്കാർ കൊണ്ടുവന്ന പദ്ധതികൾ അർഹതപ്പെട്ടവർക്ക് എത്തിക്കാൻ ഒന്നും ചെയ്യാതിരുന്ന എം പി യുടെ ഇപ്പോഴത്തെ വിലാപം സ്വന്തം പാർട്ടിക്കാർ പോലും താൻ പരാജയമാണ് എന്ന് പരസ്യമായി പറഞ്ഞതിൻ്റെ ഭാഗമായി ഉണ്ടാവുന്നതാണ് എന്ന് എല്ലാവർക്കും അറിയാം. ഉജ്വലാ യോജന ഗ്യാസ് കണക്ഷൻ , സുകന്യ സമൃദ്ധി , കിസാൻ സമ്മാൻ പദ്ധതി , പിഎം സ്വാനിധി, ഈ ശ്രം തുടങ്ങി നിരവധി പദ്ധതികൾ പാലക്കാട് ജനതയുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞ 5 വർഷകാലം ബിജെപി പ്രവർത്തകർ അശ്രാന്ത പരിശ്രമം നടത്തി വരികയാണ്.
ഭാരത് അരിയും അതിൻ്റെ ഭാഗം മാത്രം ആണ് . കഴിഞ്ഞ 5 വർഷം ഉറക്കത്തിൽ ആയതിനാൽ ആയിരിക്കാം വി കെ ശ്രീകണ്ഠൻ ഇതൊന്നും കാണാതെ പോയത് അതോ ഈ പദ്ധതികൾ അറിയാത്തത് കൊണ്ടാണോ എന്ന് വ്യക്തമാക്കണം.
വനവാസി മേഖലക്കായി 24,000 കോടി രൂപയുടെ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യപിക്കുന്നതിൻ്റെ ഭാഗമായി അട്ടപ്പാടിയിൽ നടന്ന ഉദ് ഘാടന ചടങ്ങ് ബഹിഷ്കരിച്ച എം പി യാണ് ആ പദ്ധതിയുടെ ഭാഗമായി വന്ന പ്രവർത്തികളുടെ പിതൃത്വം അവകാശപ്പെടാൻ വന്നിരിക്കുന്നത്. കർഷകർക്ക് നെല്ലിൻ്റെ താങ്ങു വില കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിട്ടും അത് കർഷകർക്ക് നൽകാതെയും നെല്ല് സംഭരണ വില നൽകാതെയും കർഷകരെ ദ്രോഹിക്കുന്ന പിണറായി സർക്കാരിനെതിരെ ഒരു അക്ഷരം എം പി പറയാത്തത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം ലെ ഒരു വിഭാഗത്തിൽ നിന്നും കിട്ടിയ സഹായത്തിൻ്റെ പ്രത്യുപകാരമായാണോ എന്നും എം പി വ്യക്തമാക്കണം .
വി കെ ശ്രീകണ്ഠൻ അല്ലാ എൻഡിഎ യുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എപ്പോൾ ഉദ്ഘാടനം ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള ആത്മവിശ്വാസം പോലും ഇല്ലാത്ത പാർട്ടിയുടെ പ്രതിനിധിയായ ശ്രീകണ്ഠൻ്റെ വിവരമില്ലായ്മക്ക് മറുപടി നൽക്കുന്നില്ല .
ജില്ലാ ഓഫീസ് നിർമ്മാണം സംബന്ധിച്ചു ബിജെപി യിൽ അല്ലാ മറിച്ചു കെട്ടിടം നിർമ്മിക്കാൻ പറ്റാത്ത സ്ഥലം കമ്മീഷൻ അടിച്ചു മാറ്റാനായി വാങ്ങിയതിൻ്റെ പേരിൽ കോൺഗ്രസ്സിലാണ് തമ്മിൽ അടി. ഓഫീസിൻ്റെ പേരിൽ പണം അടിച്ചു മാറ്റിയത്തിൻ്റെ പേരിൽ കോൺഗ്രസിൽ നടക്കുന്ന കലാപത്തിൻ്റെ ഭാഗമായി ശ്രീകണ്ഠൻ്റെ ആരോപണം ഡിസിസി പ്രസിഡൻ്റിനെ ഉന്നം വെച്ചുള്ളതാണ് എന്ന് പൊതുജനത്തിന് അറിയാം എന്നും സി കൃഷ്ണകുമാർ പറഞ്ഞു.