പുറ്റേക്കര നൈതിലക്കാവ് പൂരം-വേല മഹോത്സവത്തിന് കൊടിയേറി

0

തൃശൂര്‍ ജില്ലയിലെ പ്രശസ്ത ഉത്സവമായ ആണ്ടപറമ്പ്-പുറ്റേക്കര പൂരം, വേല മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 16, 17 തിയതികളിലാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന പൂരം -വേല മഹോത്സവം നടക്കുക.

ഫെബ്രുവരി പത്തിന് ശനിയാഴ്ച കൊടിയേറ്റം നടന്നു. പുറ്റേക്കര പുരുഷോത്തമന്‍ ആശാരിയുടെ മകന്‍ അഭിലാഷ് ഒരുക്കിയ കൊടിമരത്തിലാണ് കൊടിയേറ്റം നടന്നത്. രാത്രി പുറ്റേക്കര ഓട്ടോ ഡ്രൈവേഴ്‌സ് അവതരിപ്പിച്ച ഗാനമേള അരങ്ങേറി.

ഞായാറാഴ്ച ദേവിക്ക് പൊങ്കാല അര്‍ച്ചന നടത്തി. നൂറുകണക്കിന് പേര്‍ പൊങ്കാലയില്‍ പങ്കെടുത്തു. വൈകീട്ട് താലം വരവായിരുന്നു. ശ്രീദുര്‍ഗ സമാജം, ദേവീ സമാജം എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു താലം വരവ്. വാദ്യമേളങ്ങള്‍ അകമ്പടിയേകി. തുടര്‍ന്ന് ആണ്ടപറമ്പ് കലാസമിതി ഒരുക്കിയ സര്‍ഗസന്ധ്യ അരങ്ങേറി.

തിങ്കളാഴ്ച പറപ്പുറപാട് ആരംഭിച്ചു. ചൊവാഴ്ച ഫെബ്രുവരി 13ന് ദേവിക്ക് പട്ടും താലിയും ചാര്‍ത്തല്‍ ചടങ്ങ് നടക്കും. രാത്രി 7.30ന് പുറ്റേക്കര വോയ്‌സ് അവതരിപ്പിക്കുന്ന ഭക്തിഗാന സന്ധ്യ അരങ്ങേറും.

14ന് വൈകീട്ട് ആറിന് പുറ്റേക്കര -ആണ്ടപറമ്പ് അയ്യപ്പ സേവാ സമാജത്തിൻ്റെ ആഭിമുഖ്യത്തില്‍ ശാസ്താവിന് ഗോളക സമര്‍പ്പണം നടത്തും.

16ന് വെള്ളിയാഴ്ചയാണ് പൂരാഘോഷം. പുലര്‍ച്ചെ 5ന് നട തുറന്ന ശേഷം പ്രത്യേക പൂജകള്‍ ഉണ്ടാകും. ഉച്ചതിരിഞ്ഞ് 3ന് തിടമ്പ് എഴുന്നള്ളിപ്പ് നടക്കും. ദേവസ്വത്തിൻ്റേത് ഉള്‍പ്പെടെ ഇക്കുറി ആറ് ആനകളാണ് പൂരത്തിന് എഴുന്നള്ളിക്കുക. ശ്രീദുര്‍ഗ സമാജം പുറ്റേക്കര, ശ്രീനാരായണ സമാജം ആണ്ടപറമ്പ്, യുവതരംഗം സമാജം പുറ്റേക്കര, ശക്തി സമാജം പുറ്റേക്കര, നവശക്തി സമാജം ആണ്ടപറമ്പ് എന്നിവരാണ് ആനകളെ എഴുന്നള്ളിക്കുന്നത്.

പ്രശസ്തരായ വാദ്യകലാകാരന്മാരാണ് മേളങ്ങളില്‍ പങ്കെടുക്കുന്നത്. വൈകീട്ട് 6.20നാണ് കൂട്ടിയെഴുന്നള്ളിപ്പ്. തുടര്‍ന്ന് വെള്ളിത്തിരുത്തി ദിനേശും സംഘവും അവതരിപ്പിക്കുന്ന തായമ്പക ഉണ്ടാകും.

ഫെബ്രുവരി 17 ശനിയാഴ്ചയാണ് വേല മഹോത്സവം. നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും വേലയുടെ ഭാഗമായുണ്ടാകും. ഇഗ്നേറ്റഡ് യൂത്ത് പുറ്റേക്കര ഈസ്റ്റ്, ശ്രീനാരായണ ബാലസമാജം ആണ്ടപറമ്പ്, ശക്തിസമാജം പുറ്റേക്കര, കൂട്ട് ഉത്സവാഘോഷ കമ്മിറ്റി പുറ്റേക്കര, ശ്രീദുര്‍ഗ സമാജം പുറ്റേക്കര, നവശക്തി സമാജം ആണ്ടപറമ്പ്, ദേവരാഗം ആണ്ടപറമ്പ്, ദേവീ സമാജം പുറ്റേക്കര എന്നിവരുടെ നേതൃത്വത്തിലാണ് വേല മഹോത്സവത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്.

ബാൻ്റ് മേളം, ശിങ്കാരി മേളം, തംബോലം, നാദസ്വരം, കാവടി, പ്രാചീന കലാരൂപങ്ങള്‍, കാവടി തുടങ്ങിയവ ഉണ്ടാകും.

ഉത്സവം ഭംഗിയായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസം പ്രസിഡണ്ട് സുകുമാരന്‍ മണ്ടോലി, സെക്രട്ടറി വി ആര്‍ സതീശന്‍, ട്രഷറര്‍ എം കെ രവി എന്നിവര്‍ അറിയിച്ചു.