പ്രസ്‌ ക്ലബിന് വിജയം: ആലപ്പാട്ട് ഒപ്റ്റിക്കല്‍സ് കടമുറി ഒഴിയണം

0

തൃശൂര്‍ പ്രസ്‌ക്ലബിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ വാടകക്കാരെ ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ കടയുടമ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. ആലപ്പാട്ട് ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനമാണ് കാലാവധി കഴിഞ്ഞിട്ടും കടമുറി ഒഴിയാതിരുന്നത്.

സ്വരാജ് റൗണ്ടിലെ പ്രസ്‌ക്ലബ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പാട്ട് ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനം ഒഴിയണമെന്ന മുന്‍സിഫ് കോടതി ഉത്തവിനെതിരെയാണ് കടയുടമ ജില്ലാ കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ടി.കെ. മിനിമോള്‍ തള്ളി ഉത്തരവായി.

പ്രസ്‌ക്ലബ് കെട്ടിടത്തില്‍ തുഛമായ വാടകയ്ക്ക് പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനം ഒഴിയണമെന്നാവശ്യപ്പെട്ട് പത്തു വര്‍ഷം മുമ്പാണ് കോടതിയെ സമീപിച്ചത്. പ്രസ്‌ക്ലബിൻ്റെ ആവശ്യം അംഗീകരിച്ച് ഒഴിപ്പിക്കാന്‍ ഉത്തരവ് വന്നെങ്കിലും കടയുടമ കോടതി വ്യവഹാരങ്ങളിലൂടെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. വാടക പോലും പലപ്പോഴും തരുന്നതില്‍ വീഴ്ച വരുത്തിയതും കോടതി ചോദ്യം ചെയ്തിരുന്നു.

രണ്ടു കോടതികളും പ്രസ്‌ക്ലബിൻ്റെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തിയാണ് അനുകൂല വിധി പ്രസ്താവിച്ചത്. പ്രസ്‌ക്ലബിനുവേണ്ടി അഡ്വക്കേറ്റുമാരായ എം രഘു, ടി വി അഞ്ജന എന്നിവര്‍ ഹാജരായി.