സംസ്ഥാനത്തെ നീതിന്യായ സമുച്ചയങ്ങളില്‍ രണ്ടാമത്തേതാകാന്‍ പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൻ്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഫെബ്രുവരി 10 ന് രാവിലെ 10 ന് തുടക്കമാവും. മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിക്കും. തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് പി.പി സെയ്തലവി അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.
64 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഹൈക്കോടതി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി ഇരിങ്ങാലക്കുട കോടതി ഇതോടെ മാറും. 1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം പൂര്‍ത്തിയാകുന്നത്.
ആറു നിലകളുടെ സ്ട്രക്ച്ചര്‍ ജോലികളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂര്‍ത്തിയാവും. എല്ലാ നിലകളിലും ഭിന്നശേഷിസൗഹൃദ ശുചിമുറികള്‍ ഉണ്ടാകും.