കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്രം

0

കേരളത്തിൻ്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയെ നിശിതമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിൻ്റെ സാമ്പത്തിക ക്ലേശത്തിന് കാരണം ധന മാനേജ്‌മെൻ്റിലെ പിടിപ്പ് കേടെന്നും കേന്ദ്രം. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തിൻ്റേത് അതീവ മോശം ധന മാനേജ്‌മെൻ്റ് ആണ്. കടം എടുക്കുന്നത് വികസനത്തിനല്ല മറിച്ച് ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ദൈനംദിന കാര്യങ്ങള്‍ക്കാണ് ചിലവഴിക്കുന്നത്. വിവാദമായ കിഫ്ബിക്ക് സ്വന്തമായ വരുമാന സ്രോതസ്സ് ഇല്ല. ബജറ്റ് ഫണ്ട് തന്നെയാണ് അതിനും ഉപയോഗിക്കുന്നത്.

ധനകാര്യ കമ്മീഷനുകള്‍ ശുപാര്‍ശ ചെയ്തതിനേക്കാല്‍ പണം കേരളത്തിന് നല്‍കിയിട്ടുണ്ട്. അര്‍ഹമായ കേന്ദ്ര നികുതി, ധനക്കമ്മി ഗ്രാന്റുകള്‍, കേന്ദ്ര പദ്ധതികളുടെ പണം എന്നിവയും കൈമാറിയിട്ടുണ്ട്.  ഉയര്‍ന്ന കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരി 29.8 ശതമാനം ഉള്ളപ്പോൾ കേരളത്തിൻ്റേത് 39 ശതമാനമാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരെ കേരളം സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇതിന് മറുപടി ആയാണ് കേന്ദ്രം കുറിപ്പ് നല്‍കിയത്.