രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായതോടെ സംസ്ഥാന സര്‍ക്കാരിനെതിരായ സമരരീതി മാറ്റാന്‍ യൂത്ത് കോണ്‍ഗ്രസ്. സാംസ്‌ക്കാരിക നായകര്‍ ഉള്‍പ്പെടെ ഉള്ളവരെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വിരുദ്ധ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ ആലോചന. കൂടാതെ നിയമ പോരാട്ടം ശക്തമാക്കാനും സംഘടന തീരുമാനിച്ചു.
പ്രതിഷേധക്കാരോടുള്ള സര്‍ക്കാരിൻ്റെ പെരുമാറ്റം അതീവ പ്രതികാരത്തോടെ ആയതോടെയാണ് പുതിയ രീതികളും ആലോചിച്ചത്. നിരവധി പ്രവര്‍ത്തകര്‍ക്ക് ഗരരുതര പരിക്കേറ്റിട്ടുണ്ട്. അനവധി പേര്‍ ഇപ്പോഴും ജയിലിലാണ്. അക്രമികളായ പൊലീസുകാരാണ് സമരക്കാരെ നേരിടുന്നത്. ഇത്തരം സംഭവങ്ങളിലെല്ലാം നിയമ പോരാട്ടം ശക്തമാക്കേണ്ടതുണ്ട്. ഇതിനായി എല്ലാ സാധ്യതകളും തേടും.
ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയില്‍ മോചിതനാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഏറെ ശ്രമിച്ചിരുന്നു. ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ഉണ്ടായത്. രാഹുലാണ് അക്രമം നടത്തിയതെന്നും പൊലീസിനെ ആക്രമിച്ചെന്നും പറഞ്ഞു. എന്നാല്‍ പൊലീസാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും രാഹുല്‍ സമരം ഉദ്ഘാടനം നടത്തുക മാത്രമാണ് ചെയ്തതെന്നും രാഹുലിന് വേണ്ടി അഭിഭാഷകന്‍ വാദിച്ചു.
ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രാഷ്ട്രീയ സമരങ്ങളിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനെ ഒരു സര്‍ക്കാരും ഇത്രമാത്രം എതിര്‍ക്കാറില്ല. പുതിയ പുതിയ കേസുകള്‍ എടുത്തും രാഹുലിനെ അകത്ത് പിടിച്ചിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.