ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സാഹിത്യ അക്കാദമി ഹാളിൽ ആയിരുന്നു ചടങ്ങ്.
കച്ചവടത്തിന് പിന്നിലുള്ള കബിളിപ്പിക്കലുകൾ തിരിച്ചറിയാൻ ഓരോരുത്തർക്കും ആകണം. ഓൺലൈൻ വ്യാപാരങ്ങൾ ഉൾപ്പെടെ വ്യാപകമാകുന്ന ഈ കാലത്ത് ജനങ്ങൾ നിരന്തരം ജാഗ്രത പാലിക്കണം. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ പാഠ്യപദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്താൻ ആലോചന നടക്കുന്നുണ്ട്.
സർക്കാർ ഉപഭോക്താക്കളോടൊപ്പം ആണെന്നതിൻ്റെ തെളിവാണ് വകുപ്പിൻ്റെ പേര് മാറ്റി പൊതുവിതരണ- ഉപഭോക്തകാര്യ വകുപ്പ് എന്നാക്കിയത്. സംസ്ഥാന- ജില്ലാതലത്തിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകൾ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നു. ഗുണഭോക്താക്കൾക്കെതിരെ യാതൊരുവിധ ചൂഷണം അനുവദിക്കില്ലെന്നും കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് സി ടി സാബു അധ്യക്ഷനായി. ദേശീയ ഉപഭോക്തൃ നിയമത്തിൻ്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. “ഇ- കോമേഴ്‌സിൻ്റേയും ഡിജിറ്റൽ വ്യാപാര ത്തിൻ്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരംക്ഷണം” എന്ന ആശയമാണ് ദേശീയ ഉപഭോക്തൃ ദിനാചരണത്തിൻ്റെ ഭാഗമായി മുന്നോട്ട് വയ്ക്കുന്നത്. ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ അംഗം ആർ റാം മോഹൻ, ഹരിതകേരളം മിഷൻ റിസോഴ്സ്പേഴ്സൺ സി ആർ ചെറിയാൻ, അഡ്വ. എ.ഡി ബെന്നി എന്നിവർ ക്ലാസുകൾ നയിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ, ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.