പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച മാലിദ്വീപ് മന്ത്രിമാരുടെ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലിദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി കടുത്ത അതൃപ്തി അറിയിച്ചു.
മാലിദ്വീപ് ഹൈകമ്മീഷണര്‍ ഇബ്രാഹിം ഷഹീബിനെയാണ് രാവിലെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു വരുത്തിയത്. മന്ത്രിമാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടി ഹൈകമ്മീഷണര്‍ വിശദീകരിച്ചു. പ്രകോപനപരമായ കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടാകില്ലെന്നും മാലിദ്വീപ് സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
വിഷയത്തില്‍ പരസ്യ പ്രസ്താവന വേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ. വിഷയം സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നും പ്രകോപനം ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.