മോദിക്കായി ഒരുങ്ങി തൃശൂര്‍, കനത്ത സുരക്ഷ

0

രണ്ട് ലക്ഷം വനിതകളുടെ സമ്മേളനം, റോഡ് ഷോ, ലക്ഷക്കണക്കിന് ജനങ്ങള്‍ നിറയുന്ന സ്വരാജ് റൗണ്ട്… തൃശൂര്‍ നഗരം മറ്റൊരു തൃശൂര്‍ പൂരത്തിന് സാക്ഷിയാവുന്ന ദിനമാണിന്ന്.

ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തും. അവിടെ നിന്ന് ഹെലികോപ്ടറില്‍ രണ്ട് മണിയോടെ കുട്ടനെല്ലൂര്‍ ഗവ. കേളേജ് ഹെലിപാഡില്‍ ഇറങ്ങും. അവിടെ സ്വീകരണം ഉണ്ടാകും. പിന്നീട് റോഡ് മാര്‍ഗം സ്വരാജ് റൗണ്ടിലെത്തുന്ന പ്രധാനമന്ത്രിയെ ജനറല്‍ ആശുപത്രി പരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ച് ആനയിക്കും.

തുടര്‍ന്ന് സ്വരാജ് റൗണ്ടിലൂടെ റോഡ് ഷോ. ഒന്നര കിലോമീറ്റര്‍ നീളുന്ന റോഡ് ഷോ നായ്ക്കനാല്‍ വരെയാണ്. പിന്നീട് മഹിളാ സമ്മേളന വേദിയിലേക്ക് എത്തും.
സമ്മേളന വേദിയില്‍ സ്ത്രീകള്‍ക്കാകും പ്രാമുഖ്യം. പുരുഷന്മാരായി വളരെ കുറച്ചു പേര്‍ മാത്രമാകും ഉണ്ടാവുക. നടന്‍ സുരേഷ് ഗോപി അടക്കമുള്ളവര്‍ മാത്രം. മറ്റുള്ളവര്‍ സ്വരാജ് റൗണ്ടിലെ പ്രത്യേക ഇരിപ്പിടങ്ങളില്‍ മാത്രമാകും.

മോദിക്കൊപ്പം വേദി പങ്കിടാന്‍ പ്രമുഖരായ വനിതകള്‍ ഉണ്ടാകും. നടി ശോഭന, വ്യവസായി ബീനാ കണ്ണന്‍, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍, മറിയക്കുട്ടി, മിന്നുമണി തുടങ്ങിയവരാണ് വേദി പങ്കിടുക.

അതിസുരക്ഷയാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയിട്ടുള്ളത്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലാണ് തൃശൂര്‍ നഗരം. ഷാര്‍പ്പ് ഷൂട്ടര്‍മാരുടെ സംഘം ഉയര്‍ന്ന കെട്ടിടങ്ങള്‍ അടക്കമുള്ള തന്ത്ര പ്രധാന കേന്ദ്രങ്ങളില്‍ ഉണ്ടാകും. എന്‍എസ് ജി കമാന്‍ഡോകള്‍ സര്‍വസന്നദ്ധരായി ഉണ്ടാകും. മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ച് സംസ്ഥാന പൊലീസും പഴുതടച്ച സുരക്ഷ ഒരുക്കും. എഡിജിപി എം ആര്‍ അജിത് കുമാര്‍, ഐജി സേതുരാമന്‍, ഐജി അജിതാ ബീഗം, കമ്മീഷണര്‍ അങ്കിത് അശോക്, എസ്പി ഐശ്വര്യ ഡോംഗ്രെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷ.

മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന കഴിഞ്ഞു മാത്രമേ ആരേയും കയറ്റി വീടൂ. സദസ്സില്‍ എത്തുന്ന വനിതകള്‍ ബാഗ്, കുട, വെള്ളക്കുപ്പി തുടങ്ങിയവ കൊണ്ടുവരാന്‍ പാടില്ല. മൊബൈല്‍ ഫോണ്‍ അനുവദിക്കും. മൊബൈല്‍ ലോഞ്ചറുകള്‍ സ്ഥാപിക്കും എന്നതിനാല്‍ ഫോണുകള്‍ നിശ്ചലമാകും. സ്വരാജ് റൗണ്ടില്‍ നില്‍ക്കുന്നവരേയും പരിശോധനക്ക് വിധേയരാക്കും.