തൃശൂർ കലക്ട്രേറ്റ് നവീകരണത്തിന് പുതുവത്സര പ്രഖ്യാപനം- മന്ത്രി കെ രാജൻ

0

പുതുവത്സര സമ്മാനമായി തൃശൂർ കളക്ട്രേറ്റ് നവീകരണത്തിന് 2024ലെ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കലക്ടറേറ്റിലെ നവീകരിച്ച പി ജി ആർ സെൽ, ഔഷധ സസ്യോദ്യാനം എന്നിവയുടെയും എടിഎമ്മിൻ്റെ സമര്‍പ്പണവും ക്ലീന്‍ ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കലക്ടറേറ്റ് കൂടുതൽ മനോഹരമാക്കാനും ജീവനക്കാർക്ക് അടിസ്ഥാന സൗകര്യ വികസനങ്ങൾ ഒരുക്കുന്നതിനുമായാണ് പ്ലാൻ ഫണ്ടിൽ തുക വകയിരുത്തുന്നത്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകണം. കലക്ടറേറ്റ് നവീകരണത്തിൻ്റെ ഭാഗമായി ഇതിനോടകം വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കി. ഇനിയും ഒരുപാട് നവീകരണങ്ങൾ ചെയ്യാനുണ്ട്. കളക്ട്രേറ്റിലെത്തുന്ന പൊതു ജനങ്ങൾക്ക് ഏറെ സഹായകരമാണ് നവീകരിച്ച പി. ജി. ആർ സെല്ലെന്നും മന്ത്രി പറഞ്ഞു.

നവീകരിച്ച സംസ്ഥാന ഔഷധ സസ്യ ബോർഡിൻ്റെ ഔഷധ സസ്യോദ്യാനം പുതു തലമുറയ്ക്ക് കേരളത്തിൻ്റെ ഔഷധ പാരമ്പര്യവും ഔഷധ ചികിത്സയും പകർന്ന് നൽകുന്ന ഇടമാണ്. ഉദ്യാനത്തിലെ ഔഷധ സസ്യങ്ങളെയും മരങ്ങളെയും കുറിച്ചറിയാൻ ക്യൂ ആർ കോഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. നമ്മുടെ ഔഷധ വിജ്ഞാന പാരമ്പര്യം പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്താൻ ഉദ്യാനത്തിലൂടെ കഴിയും. കുട്ടികൾക്ക് വന്നു പോകാൻ പറ്റുന്ന ഇടമായി ഇവിടം മാറും.

കലക്ട്രേറ്റിലെത്തുന്ന പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുമരാമത്ത് വകുപ്പ് മുഖേന ഭിന്നശേഷി സൗഹൃദമായി നവീകരിച്ച പി.ജി.ആര്‍ സെല്‍ ( പൊതുജന പരാതി പരിഹാര സെല്‍ ) സജ്ജമാക്കിയിരിക്കുന്നത്. ജീവനക്കാര്‍ക്കും സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന വിധത്തിലാണ് ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തിൽ എ.ടി എം സ്ഥാപിച്ചിരിക്കുന്നത്.

ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവിസ് , എഡിഎം ടി മുരളി, സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ്, അസിസ്റ്റൻ്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പി. വി ബിജി, സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഔഷധിയുടെ എം ഡിയുമായ ഡോ. ടി.കെ ഹൃദിക്, ബാങ്ക് ഓഫ് ബറോഡ റീജീയണല്‍ ഹെഡ് ബി. സനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.