വികസിത് ഭാരത് സങ്കല്പ യാത്ര യോഗം

0

വികസിത് ഭാരത് സങ്കല്പ യാത്രയുടെ ഭാഗമായി കേന്ദ്ര രാസവസ്തു രാസവളം, പുതു പുനരു ഉപയോഗ ഊർജ്ജവകുപ്പ് സഹമന്ത്രി ഭഗവന്ത്‌ ഖുബയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം നടന്നു. പി എം വിശ്വകർമ്മ യോജന പദ്ധതി അർഹതപ്പെട്ട എല്ലാവരിലും എത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിൻ്റെ പ്രധാന വായ്പ, സുരക്ഷാ പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി രാജ്യത്തിൻ്റെ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ യാത്രയാണ് ജില്ലയിൽ പുരോഗമിക്കുന്നത്. 2047 ല്‍ ഇന്ത്യ വികസിത രാജ്യമാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബാങ്കുകള്‍ വഴി നല്‍കുന്ന പ്രധാന വായ്പ, സുരക്ഷാ പദ്ധതികളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഒരു ദിവസം രണ്ട് ഗ്രാമപഞ്ചായത്തുകള്‍ വീതമാണ് പര്യടനം നടത്തുന്നത്. ഇന്നലെയും ഇന്നുമായി നാല് പഞ്ചായത്തുകളിലെ യാത്രയില്‍ മന്ത്രിയും അനുഗമിക്കും. ജനുവരി 25 വരെ ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലും പര്യടനം നടത്തും.

പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന, പി എം എസ് ബി വൈ, അടല്‍ പെന്‍ഷന്‍ യോജന, കെ സി സി, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, മുദ്ര, സ്റ്റാട്ട് അപ്പ് ഇന്ത്യ , പി എം സ്വനിധി തുടങ്ങിയ സ്‌കീമുകളിലുള്ള ലോണ്‍ അപേക്ഷകള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹെല്‍ത്ത് ക്യാമ്പുകള്‍, ക്ഷയരോഗ നിര്‍ണയം, ആയുഷ്മാന്‍ കാര്‍ഡ് ജനറേഷന്‍, പിഎം ഉജ്ജ്വല ന്യൂ എന്റോള്‍മെന്റ്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്റോള്‍മെന്റ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. കൂടാതെ എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും, സാമ്പത്തിക ധനകാര്യ അവബോധവും ഉറപ്പാക്കും. നഗരസഭകളിലും കോർപ്പറേഷനിലും വികസിത് ഭാരത് സങ്കല്പ യാത്ര സംഘടിപ്പിക്കും.

കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി ആര്‍ കൃഷണതേജ, സബ് കളക്ടർ മുഹമ്മദ് ഷഫീഖ് , അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രഹി, എം എസ് എം ഇ. ഡി എഫ് ഒ. പി പ്രകാശ്, നബാർഡ് ഡിജിഎം കൃഷ്ണ സിന്ധ്യ, നബാർഡ് ഡിഡിഎം സെബിൻ ആന്റണി, ഡി ഐ സി. ജി എം ഷീബ, തൃശ്ശൂർ എൽ ഡി എം എസ് മോഹന ചന്ദ്രൻ, വിവിധ ബാങ്ക് പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.