പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയില്‍ എത്തും. വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാന പരിപാടികള്‍. ഉദ്ഘാടനത്തിൻ്റെ ഭാഗമായി റോഡ് ഷോയും നടത്തുന്നുണ്ട്.
ജനുവരി 22ന് രാമക്ഷേത്രം തുറക്കുന്നതിൻ്റെ ഭാഗമായാണ് അന്താരാഷ്ട്ര വിമാനത്താവളവും റെയില്‍വേ സ്‌റ്റേഷനും പണിതത്. ആധുനിക രീതിയിലുള്ള റെയില്‍വേ സ്റ്റേഷനാണ് പണിതിട്ടുള്ളത്.
നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് വിമാനത്തവളം. എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും നടത്താവുന്ന തരത്തിലുള്ള വികസിത വിമാനത്തവളമാണ് അയോധ്യയിലേത്. റെയില്‍വേ സ്‌റ്റേഷന്‍ ഉദ്ഘാടനത്തോടൊപ്പം രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകളും മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. റെയില്‍വേ സ്റ്റേഷനിലേക്കുള്ളതടക്കം നാല് നവീകരിച്ച റോഡുകളും ഉദ്ഘാടനം ചെയ്യുന്നുണ്ട്.
പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് കനത്ത സുരക്ഷയാണ് അയോധ്യയില്‍ ഒരുക്കിയിട്ടുള്ളത്. മൂടല്‍മഞ്ഞില്‍ മുങ്ങിയിരിക്കുകയാണ് നഗരം. എന്നാല്‍ അത് വകവെക്കാതെ പതിനായിരങ്ങള്‍ മോദിയെ കാണാനെത്തും എന്ന് സുരക്ഷാ സംഘം വിലയിരുത്തുന്നു. അതിനാല്‍ പഴുതില്ലാത്ത സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.