ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രവും മുഖ്യവിഷയം

0

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം ബിജെപിയുടെ മുഖ്യ പ്രചാരണ വിഷയങ്ങളില്‍ ഒന്നായിരിക്കും. രാമക്ഷേത്രം പ്രചാരണ വിഷയമായി ഉയര്‍ത്തി കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.

രാമക്ഷേത്രം പ്രചാരണ വിഷയമാക്കി ഉയര്‍ത്തി കൊണ്ടുവരുന്നതിൻ്റെ ഭാഗമായി ഈ മാസം 30ന് അയോധ്യയില്‍ നരേന്ദ്ര മോദി റോഡ് ഷോ നടത്തും. പരമാവധി പ്രവര്‍ത്തകരെ എത്തിച്ചാകും റോഡ് ഷോ നടത്തുക. ഹിന്ദു വോട്ടുകള്‍ സമാഹരിച്ച് 50 ശതമാനം വോട്ട് വിഹിതം ഉറപ്പാക്കണമെന്നാണ് ബിജെപി തീരുമാനം.

ജനുവരി 22നാണ് രാമക്ഷേത്രം തുറക്കുന്നത്. ഇതോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണവും ശക്തമാക്കും. ഇതിന് മുമ്പായി സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമാക്കും. വീടുകള്‍ കയറി പ്രചാരണം ശക്തമാക്കണം. ബൂത്ത് ഭാരവാഹികള്‍ എല്ലാവരുമായി തുറന്ന ബന്ധം സ്ഥാപിക്കണം എന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുന്നു.

അയോധ്യയിലെ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം 30ന് തുറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക. അയോധ്യയിലെ നവീകരിച്ച റെയില്‍വെ സ്‌റ്റേഷനും മോദി ഉദ്ഘാടനം ചെയ്യും.