ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ മാര്‍ച്ച് നടത്തും, കനത്ത സുരക്ഷ ഒരുക്കി പൊലീസ്

0

വിവാദങ്ങള്‍ക്കിടിയിലും ഗവര്‍ണര്‍ക്കെതിരായ സമരം തുടരുമെന്ന സൂചന നല്‍കി എസ്എഫ്‌ഐ. കലിക്കറ്റ് സര്‍വകലാശാലയില്‍ ഉച്ചതിരിഞ്ഞ് മുന്നരയോടെ നടക്കുന്ന ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള സെമിനാറിന് മുമ്പ് മാര്‍ച്ച് നടത്താനാണ് സിപിഎം വിദ്യാര്‍ത്ഥി സംഘടന തീരുമാനിച്ചിട്ടുള്ളത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്കാണ് മാര്‍ച്ച് നടത്തുക. ഗവര്‍ണറെ കൂടുതല്‍ പ്രകോപിപ്പിക്കുകയാണ് ഉദ്ദേശം. സെമിനാര്‍ നടക്കുന്ന ഹാളിലേക്ക് മാര്‍ച്ച് നടത്തിയാല്‍ സംഘ പരിവാര്‍ സംഘടനകളെ പ്രകോപിപ്പിക്കുമെന്ന കണക്കു കൂട്ടലിലാണ് മാര്‍ച്ച് ഗസ്റ്റ ഹൗസിലേക്ക് ആക്കിയത്.

സെമിനാറിന് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ചിരുന്ന എബിവിപിയുടെ പോസ്റ്റര്‍ എസ്എഫ്‌ഐക്കാര്‍ കീറി കത്തിച്ചത് വിവാദമായിട്ടുണ്ട്. ഇതിനെതിരെ എബിവിപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എസ്എഫ്‌ഐക്കെതിരെ ഇറങ്ങുമോ എന്ന ആശങ്ക പോലീസിനും സിപിഎമ്മിനും ഉണ്ട്. സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി എസ്എഫ്‌ഐക്ക് എതിരെ തെരുവിലിറങ്ങിയാല്‍ സ്ഥിതി സങ്കീര്‍ണമാകും. ഇത് ഒഴിവാക്കാന്‍ തീവ്ര ശ്രമം നടത്തുകയാണ് പൊലീസും നേതാക്കളും. അതുകൊണ്ട് തന്നെയാണ് സെമിനാര്‍ സ്ഥലത്തേക്ക് മാര്‍ച്ച് വേണ്ടെന്ന നിലപാട്.

ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഏതാണ്ട് രണ്ടായിരത്തോളം പൊലീസുകാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രധാന വഴികളിലൂടെ ആര്‍ക്കും പ്രവേശനം ഉണ്ടാകില്ല. എല്ലാവഴികളിലും കെട്ടിടങ്ങളിലും പൊലീസ് നിയന്ത്രണം ഉണ്ടാകും.