ഇസ്രായേലിലേക്ക് പതിനായിരം തൊഴിലാളികളെ അയയ്ക്കാന്‍ ഹരിയാന

0

ഇസ്രായേലിലേക്ക് പതിനായിരം വിദഗ്ദ തൊഴിലാളികളെ അയയ്ക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനായുള്ള പരസ്യം പൊതുമേഖല സ്ഥാപനമായ ഹരിയാന കൗശല്‍ റോസ്ഗാര്‍ നിഗാം പ്രസിദ്ധീകരിച്ചു.

പതിനായിരം വിദഗ്ദ തൊഴിലാളികളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യമാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഹമാസുമായി യുദ്ധത്തെ തുടര്‍ന്ന് നിര്‍മാണ മേഖലയില്‍ ഉണ്ടായിട്ടുള്ള തൊഴിലാളി ക്ഷാമം പരിഹരിക്കാനാണിത്. ഇസ്രായേല്‍ സര്‍ക്കാര്‍ വിഗദ്ധ തൊഴിലാളികളെ ആവശ്യപ്പെട്ട് രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവരില്‍ നിന്നാണ് ഹരിയാണ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 25 ഉം 54 നും ഇടയില്‍ പ്രായമുള്ളവരാകണം. കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. പ്രതിമാസം 1.34 ലക്ഷം രൂപയാണ് വേതനം ലഭിക്കുക.

ഹമാസുമായുള്ള യുദ്ധത്തെ തുടര്‍ന്ന് തൊണ്ണൂറായിരത്തില്‍ അധികം പലസ്തീനി തൊഴിലാളികളുടെ തൊഴില്‍ അനുമതി ഇസ്രായേല്‍ നിര്‍ത്തലാക്കിയിരുന്നു. ഇതോടെയാണ് നിര്‍മാണ മേഖല സ്തംഭനാവസ്ഥയില്‍ ആയത്.