രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് പ്രാദേശിക പാര്‍ടികള്‍ 2022-23 കാലയളവില്‍ ഇലക്ടറല്‍ ബോണ്ടിലൂടെ മാത്രം സമാഹരിച്ചത് 1243 രൂപയെന്ന് റിപ്പോര്‍ട്ട്. ത്രിണമൂല്‍ കോണ്‍ഗ്രസ്, ഭാരത് രാഷ്ട്ര സമിതി, ഡിഎംകെ, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ടികളാണ് ഇവ.
ഇലക്ഷന്‍ കമ്മീഷൻ്റെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് രാഷ്ട്രീയ പാര്‍ടികളുടെ ഫണ്ട് സംബന്ധിച്ച കണക്കുകള്‍ ഉള്ളത്. കെ ചന്ദ്രശേഖര റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതിക്ക് 737.7 കോടി രൂപയുടെ ഫണ്ടാണ് 2022-23 കാലയളവില്‍ ലഭിച്ചത്. പ്രാദേശിക പാര്‍ടികളില്‍ ഏറ്റവും വലിയ ഫണ്ട് ഇതാണ്. കഴിഞ്ഞ വര്‍ഷം ഇത് 218 കോടി രൂപ മാത്രമായിരുന്നു.
മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന ത്രിണമൂല്‍ കോണ്‍ഗ്രസിന് 334.4 കോടി രൂപയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 545.7 കോടിയില്‍ നിന്ന് വളരെ കുറവാണിത്. ഡിഎംകെ യും ഫണ്ടില്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 318.7 കോടി സ്വരൂപിച്ചപ്പോള്‍ ഈ വര്‍ഷം അത് 214.3 കോടി ആയി കുറഞ്ഞു.
ബിജെഡിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിനും ഫണ്ട് കുറഞ്ഞു. ബിജെഡി 307 ല്‍ നിന്ന് 181 കോടി രൂപയായപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 93.7 കോടിയില്‍ നിന്ന് 74.8 ആയി.
2022-23 കാലയളവില്‍ ടിഎംസിയുടെ ചിലവ് 181 കോടി ആയപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 79.3 ഉം ബിആര്‍എസ് 57.5 ഉം ഡിഎംകെ 52.6 ഉം ബിജെഡി 9.9 ഉം കോടികള്‍ ചിലവാക്കി.
ദേശീയ പാര്‍ടിയായ ആം ആദ്മി പാര്‍ടിക്കും വരുമാനത്തില്‍ വര്‍ധനവാണ്. 2021-22 ല്‍ ഇലക്ടറല്‍ ബോണ്ട് വഴി സ്വരൂപിച്ചത് 25.1 കോടി രൂപയാണെങ്കില്‍ 2022-23 ല്‍ ഇത് 36.4 കോടി രൂപയായി ഉയര്‍ന്നു. പാര്‍ടിയുടെ വരുമാനം നടപ്പു സാമ്പത്തിക വര്‍ഷം 85.2 കോടിയാണ്. കഴിഞ്ഞ വര്‍ഷം 44.5 കോടി മാത്രമായിരുന്നു.