പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രി തൃശൂരിലെത്തും

0

പുതുവര്‍ഷത്തില്‍ ബിജെപി സംഘടിപ്പിക്കുന്ന സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തും. ജനുവരി രണ്ടിന് വടക്കുംനാഥ ക്ഷേത്ര മൈതാനത്താണ് പരിപാടി.

വനിതാ ബില്‍ പാര്‍ലമെൻ്റില്‍ പാസ്സായതില്‍ അഭിനന്ദനം അറിയിക്കാനാണ് സ്ത്രീ ശക്തി സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. രണ്ടു ലക്ഷം സ്ത്രീകള്‍ പരിപാടിക്കെത്തും.

എന്നാല്‍ വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷിക്കുന്ന സീറ്റാണ് തൃശൂര്‍. നടന്‍ സുരേഷ് ഗോപിയിലൂടെ തൃശൂര്‍ സ്വന്തമാക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇതിന് ആക്കം കൂട്ടാനാണ് നരേന്ദ്ര മോദിയെ തൃശൂരില്‍ എത്തിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നത്.

നരേന്ദ്ര മോദിക്ക് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയ നേതാക്കളും വൈകാതെ തൃശൂരിലും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലും എത്തുന്നുണ്ട്. രണ്ടോ മൂന്നോ സീറ്റ് സ്വന്തമാക്കുകയെന്ന സ്വപ്‌നം ഇക്കുറി യാഥാര്‍ത്ഥ്യമാക്കുക. അതിനായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നേരത്തെ ആക്കാനും ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്.