ലോക്‌സഭ അക്രമത്തിന് പിന്നില്‍ ആറംഗ സംഘം, രണ്ടു പേര്‍ ഒളിവില്‍

0

ലോക്‌സഭയുടെ സന്ദര്‍ശക ഗാലറിയില്‍ നിന്ന് നടുത്തളത്തിലേക്ക് ചാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ ഇപ്പോഴും ഒളിവില്‍. പാര്‍ലമെന്റിനേയും രാജ്യത്തെ തന്നെയും ഞെട്ടിച്ച അക്രമത്തില്‍ സമഗ്ര അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍.

ഇന്ന് ഉച്ചയോടെയാണ് സഭയെ ഞെട്ടിച്ച് രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് നടുത്തളത്തിലേക്ക് ചാടിയത്. തുടര്‍ന്ന് മുദ്രാവാക്യം വിളിക്കുകയും കളര്‍ സ്‌മോക്ക് പ്രയോഗിക്കുകയും ചെയ്തു. സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരാണ് അക്രമം നടത്തിയത്. ഇതേ സമയം സഭക്ക് പുറത്തും പ്രതിഷേധം ഉണ്ടായി. നീലം കൗര്‍, അമോല്‍ ഷിന്‍ഡേ എന്നിവരാണ് പ്രതിഷേധിക്കുകയും കളര്‍ സ്‌മോക്ക് ഉപയോഗിക്കുകയും ചെയ്തു.

സഭക്കുള്ളില്‍ പ്രതിഷേധിച്ചവരെ എംപിമാര്‍ തന്നെയാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. നാലുപേരേയും രഹസ്യാന്വേഷണ ഏജന്‍സികളും പൊലീസും ചോദ്യം ചെയ്യുകയാണ്. സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവര്‍ മൈസൂര്‍ സ്വദേശികളാണ്. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നാണ് വിവരം. ഒളിവിലുള്ള രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു.