കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരിൻ്റെ നയങ്ങളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ ഭരണഘടനാ ഉത്തരവാദിത്തം ശരിയായി നിര്‍വഹിക്കുന്നില്ല, ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
നവകേരള സദസ്സില്‍ പരാതി പരിഹാരമില്ല. പരാതി സ്വീകരിക്കാനാണെങ്കില്‍ കലക്ടറേറ്റ് മതിയാകും. അവിടെയും സ്വീകരിക്കാമല്ലോ. സര്‍ക്കാരിൻ്റെ യാത്രയുടെ ഉദ്ദേശം എന്താണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ രേഖാമൂലം അറിയിച്ചു. എന്നിട്ടും ധൂര്‍ത്ത് നടത്തുകയാണ്.
പരാതികള്‍ കണ്ടെത്തിയാല്‍ ഉടന്‍ പരിഹാരം കാണണം. പിന്നത്തേക്ക് മാറ്റിവെക്കാനാണെങ്കില്‍ ഇത്രയും പണം ചിലവാക്കിയുള്ള യാത്ര നടത്തണോ.
പെന്‍ഷന്‍ നല്‍കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തുകയാണ്. അതിനര്‍ത്ഥം ഭരണ ഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തി എന്നാണ്. സാധാരണക്കാരുടെ പെന്‍ഷനേ മുടങ്ങുന്നുള്ളൂ, പഴ്‌സണല്‍ സ്റ്റാഫിൻ്റെ പെന്‍ഷന് തടസ്സങ്ങളില്ല എന്നത് എന്താണ് വിശദീകരിക്കുന്നത്.
സെനറ്റിലേക്ക് താന്‍ നിയമിച്ച നാലു പേരുടെ ലിസ്റ്റ് കോടതി സ്‌റ്റേ ചെയ്തതിൻ്റെ കാരണം അറിയില്ല. മറ്റുള്ളവരുടെ ലിസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. ഗവര്‍ണറുടെ വിവേചനാധികാരം തീരുമാനിക്കുന്നതും പ്രയോഗിക്കുന്നതും ഗവര്‍ണര്‍ മാത്രമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.