ഇനിയുള്ള ഒരാഴ്ചക്കാലം തിരുവനന്തപുരത്ത് നിറയുക സിനിമയുടെ വര്‍ണങ്ങളും ആശയങ്ങളും. ലോകത്താകമാനമുള്ള സിനിമാ കാഴ്ച അനന്തപുരിയില്‍ എത്തുന്ന നാളുകള്‍. ഐഎഫ്എഫ്‌കെ ഇപ്പോള്‍ മലയാളിയുടെ വലിയ ആഘോഷത്തിൻ്റെ പേര് കൂടിയാണ്.
20 വിഭാഗങ്ങളിലായി 175 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 81 രാജ്യങ്ങളില്‍ നിന്നാണ് സിനിമകള്‍ എത്തുന്നത്. 15 തിയറ്റുകളിലാണ് സിനിമാ പ്രദര്‍ശനം ഉണ്ടാവുക.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 15 സിനിമകളാണ് മാറ്റുരക്കുക. മലയാള സിനിമ വിഭാഗത്തില്‍ 12 ഉം ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഏഴും സിനിമകള്‍ ഉണ്ടാകും.
ഇക്കുറി എത്തുന്ന സിനിമകളില്‍ വലിയ പ്രതീക്ഷ ഉണ്ടെന്ന് മേളയിലെ സ്ഥിരം സാന്നിധ്യമായ നാല്‍വര്‍ സംഘമായ ഷൈന്‍, അബ്ദിജന്‍, ശശികുമാര്‍, പ്രകാശ് വര്‍മ എന്നിവര്‍ പറഞ്ഞു. ഗോവയിലെ ഫെസ്റ്റിവല്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. എല്ലാ വര്‍ഷവും ഗോവയിലും തിരുവനന്തപുരത്തും മേളയില്‍ പങ്കെടുക്കുന്ന ഈ സംഘത്തിന് ലോകത്തെ മനസ്സിലാക്കാനുള്ള പഠനം കൂടിയാണ് സിനിമകള്‍. ഇക്കുറി വളരെ സീരിയസ്സായ സിനിമകള്‍ ഉണ്ടെന്നത് ഏറെ ആശാവഹമാണെന്ന അഭിപ്രായമാണ് അധ്യാപകന്‍ കൂടിയായ ഷൈനുള്ളത്.
28ാമത് ഇന്റര്‍നാഷണല്‍ ഫിലം ഫെസ്റ്റിവല്‍ ഓഫ് കേരള വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത നടന്‍ നാനാ പടേക്കര്‍, കെനിയന്‍ സംവിധായക വനൂരി കഹിയു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.