കമല്‍നാഥ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻ്റ്

0

മധ്യപ്രദേശ് പിസിസി അധ്യക്ഷ സ്ഥാനം കമല്‍നാഥിന് നഷ്ടമാവുന്നു. കമല്‍നാഥ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻ്റ് ആവശ്യപ്പെട്ടു. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് നടപടി.

മധ്യപ്രദേശില്‍ വലിയ തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേരിട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കമല്‍നാഥിൻ്റെ പല നടപടികളും വലിയ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു. അതി ദയനിയമായ നിലയില്‍ പരാജയപ്പെട്ടതിന് പുറമെ കമല്‍നാഥിനെതിരെ വലിയ തോതില്‍ എതിര്‍പ്പുകളും ഉയര്‍ന്നു. ഇതോടെയാണ് കമല്‍നാഥിനെ നീക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ നേരിട്ട് രാജി ആവശ്യപ്പെടുകയും ചെയ്തു.

ഐഎന്‍ഡിഐഎ മുന്നണി നേതാക്കളെ കമല്‍നാഥ് പിണക്കിയെന്ന അതി ഗുരുതര ആരോപണം ഉണ്ട്. ഇക്കാര്യം മല്ലികാര്‍ജുന്‍ ഘാര്‍ഗെ, രാഹുല്‍ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവര്‍ കമല്‍നാഥിനോട് സൂചിപ്പിച്ചു എന്നാണ് വിവരം.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് താനെന്ന് കമല്‍നാഥ് പറഞ്ഞു. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.