സംസ്ഥാന കോണ്‍ഗ്രസില്‍ അപ്രതീക്ഷിതമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തെലങ്കാനയില്‍ രേവന്ദ് റെഡ്ഡിയുടെ സത്യപ്രതിജ്ഞ മാറ്റി. ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്ന് ഉടന്‍ സത്യപ്രതിജ്ഞ നടത്താനായിരുന്നു കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നത്.
രാജ്ഭവനില്‍ സത്യപ്രതിജ്ഞക്കുള്ള പ്രാഥമിക ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് സത്യപ്രതിജ്ഞ മാറ്റിവെക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ രേവന്ദ് റെഡ്ഡിക്കായിരുന്നു ഭൂരിപക്ഷ പിന്തുണ. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് കീഴില്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണറെ കണ്ട് രേവന്ദ് റെഡ്ഡി
സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിക്കുകയും ചെയ്തു. ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ രാജ്ഭവനില്‍ ആരംഭിച്ചു. ഇതിനിടയിലാണ് പുതിയ തര്‍ക്കങ്ങള്‍ എംഎല്‍എമാര്‍ക്കിടയില്‍ ഉണ്ടായത്.
ശക്തരായ നേതാക്കളായ മല്ലു ഭട്ടി വിക്രമാര്‍ക്ക, ഉത്തം കുമാര്‍ റെഡ്ഡി, ശ്രീധര്‍ ബാബു, കോമാട്ടി റെഡ്ഡി സഹോദരങ്ങള്‍ എന്നിവരാണ് രേവന്ദ് റെഡ്ഡി മുഖ്യമന്ത്രി ആകുന്നതിനെ എതിര്‍ക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയെ പാര്‍ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഘാര്‍ഗെ തീരുമാനിക്കേണ്ട അവസ്ഥയായി. എഐസിസി നിരീക്ഷകരുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം ഘാര്‍ഗെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.