നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ നിലവില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി മുന്നിലാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് സൂചന.
തെലങ്കാനയില്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ് മുന്നേറുന്നത്. ഇവിടെ ഭരണകക്ഷിയായ ബിആര്‍എസിനെ പരാജയപ്പെടുത്തുന്ന നിലയിലാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ലഭ്യമായ ഫല സൂചനകള്‍ അനുസരിച്ച് കോണ്‍ഗ്രസ് 65 സീറ്റില്‍ മുന്നിലാണ്. ബിആര്‍എസ് 46 ഇടത്തും. ഇവിടെ ബിജെപിക്ക് ഏഴിടത്ത മാത്രമാണ് ഇപ്പോള്‍ മുന്നേറാന്‍ കഴിഞ്ഞത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി അധികാരം ഉറപ്പിക്കും എന്നത് ഏതാണ്ട് വ്യക്തമാണ്. രണ്ടിടത്തും നൂറിലേറെ സീറ്റുകളില്‍ ബിജെപി മുന്നേറ്റമാണ്. മധ്യപ്രദേശില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. കോണ്‍ഗസിനേക്കാള്‍ ഇരട്ടി സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. 154 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ 75 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.
രാജസ്ഥാനില്‍ നിലവില്‍ 108 സീറ്റുകളില്‍ ബിജെപി മുന്നേറ്റമാണ്. കോണ്‍ഗ്രസ് 76 ഇടത്തും. രണ്ടിടത്ത് സിപിഎം മുന്നേറുന്നതായാണ് സൂചന. ഛത്തീസ്ഗഡില്‍ ബിജെപിയാണ് ഇപ്പോള്‍ മുന്നില്‍. 56 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ 32 ഇടത്താണ് കോണ്‍ഗ്രസ് മുന്നില്‍.