ഓയൂരില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കസ്റ്റഡിയിലായ പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെ അറസ്റ്റ് ചെയ്തു. പതമകുമാറാണ് ഒന്നാം പ്രതി. അനിത രണ്ടാം പ്രതിയും അനുപമ മൂന്നാം പ്രതിയുമാണ്. പ്രതികളെ ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.
കടുത്ത സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഇത്തരമൊരു കൃത്യത്തിന് തയ്യാറായതെന്ന് പത്മകുമാര്‍ പറഞ്ഞതായാണ് വിവരം. പത്മകുമാറിൻ്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ മറ്റാരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടിറക്കിയത് അനിത കുമാരിയാണ്. ചിന്നക്കടയില്‍ നീലക്കാറില്‍ എത്തിച്ചത് പത്മകുമാറാണ്. അറിയപ്പെടുന്ന യൂ ട്യൂബറാണ് അനുപമ. അനുപമ പത്മന്‍ എന്ന യൂട്യൂബിന് നാലര ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.